Pages

Tuesday, December 29, 2009

പലേരി മാണിക്യം

രണ്ടു ദിവസം മുന്പ്  കുട്ടന്‍ (ന്റെ എളേ ആങ്ങള  വിളിച്ചു പറഞ്ഞു ജോസപ്പേട്ടന്‍ തിയേറ്റര്‍ പാസ്‌ തരും വേണേ നീയും അളിയനും കൂടെ പോയി പലേരി മാണിക്യം കണ്ടോ ന്നു ) ,ജോസപ്പേട്ടന്‍ ഞങ്ങള്‍ടെ അയലോക്കത്തെ ചേട്ടനാ , വീട്ടിലെ  വയറിംഗ് വര്‍ക്ക്‌ ഒക്കെ ചെയ്തു തരും , മാത്രമല്ല മാണിക്യം ഓടുന്ന തിയേറ്റര്‍ ലാ ജോലി .
അങ്ങനെ ന്റെ കുട്ടൂസന്മാര്‍ക്ക് അരവണ പ്പയാസം( കടപ്പാട് :വനിത / ജിബി ചേച്ചി )  ഒക്കെ ഉണ്ടാക്കി വച്ച്  ( അത് ഒരു വന്‍ ഫ്ലോപ്പ് ആയിരുന്നു , ശര്‍ക്കര മുറുകി സോളിഡ് സ്റ്റേറ്റ് ഇല്‍ ആയി പ്പോയി , ഞാനാരാ സാധനം ,അത് കുത്തി ഇളക്കി ഞാന്‍ അവല്‍ വിളയിച്ചു.. ലോകത്താദ്യമായി അരവണ അവല്‍ ഉണ്ടാക്കിയത് ഞാന്‍ ആയിരിക്കും )
 അങ്ങനെ സിനിമ കണ്ടു ,
 ഒരു ഡോകുമെന്ററി  കണ്ട പോലെ തോന്നി ,

അഭിനയം എല്ലാരടേം നന്നായിരുന്നൂ ...
ന്നാലും ഇത്രേം സങ്കടോം ..ദുഷ്ടത്തരോം ... നിസ്സഹായതയും , അനീതീം ഒള്ള ഒരു സിനിമ എനിക്ക് ഇഷ്ട്ടായില്ല ...
ജീവിതത്തില്‍ കണ്ടാല്‍ ,വായിച്ചാല്‍ , ന്യൂസ്‌ കേട്ടാല്‍ സഹിക്കാന്‍ പറ്റാത്തത് , സങ്കടം വരുന്നത് , ഒന്നും സിനിമേല്‍ കണ്ടാലും എനിക്ക് സഹിക്കില്ല ....
ആ സിനിമ കണ്ടു കഴിഞ്ഞു ഞാന്‍ ആലോചിച്ച ചില കാര്യങ്ങള്‍ ...

അയാക്ക് ... (നായകനാന്നും പറഞ്ഞു കണ്ടോര്ടെ പെണ്ണിനേം കൊണ്ട് നടക്കുന്നു ...ദുഷ്ടന്‍ ,....) ആ പെണ്ണിനേം കൊണ്ട് നടക്കണ്ട വല്ലകര്യോം ഉണ്ടോ..
സ്വന്തം ഭാര്യേനെ കൊണ്ടോന്നാ പോരാര്‍ന്നോ ?
കേട്യോന്‍ പോയെങ്കിലും പാവം മാണിക്യത്തിനു അയലോക്കത്തെ ചേച്ചി മാര്ടെ കൂടെ നാടകം കാണാന്‍ പോകാന്‍ മേലാര്‍ന്നോ ?, എങ്കി ആ പാവത്തിന് ഈ ഗതി
വരുവാര്‍ന്നോ ?
ആ ദുഷ്ടന്‍ മമ്മൂട്ടിനെ ( വന്ദ്യ പിതാവ് ) തല്ലിക്കൊല്ലാന്‍ ആ നാട്ടി ആരൂല്ലേ കര്‍ത്താവെ ...
ഒള്ള കള്ളത്തരോം മുഴുവന്‍ ചെയ്തിട്ട് ആ വല്യപ്പന്‍ ( ബാര്‍ബര്‍ ശ്രീനിവാസന്റെ കൂട്ടുകാരന്‍ ) വായില്‍ കൊള്ളാത്ത വര്‍ത്താനം പറഞ്ഞു നടക്കണ കണ്ടില്ലേ ....

വല്യ വല്യ സിനിമ ആസ്വാദന ക്കാര്‍ക്ക് എന്റെ post കണ്ടാ ചിരി വരൂന്നും എനിക്കറിയാം ചിരിച്ചോ ... എനിക്ക് തോന്നണത് അല്ലെ  എനിക്കെഴുതാന്‍ പറ്റൂ
എനിക്കിഷ്ടം സങ്കടം ഒക്കെ കുറഞ്ഞ സിനിമകള്‍ തന്നെ ......



അരവണ പായസത്തിന്റെ കഥ
രണ്ടു ദിവസം മുന്പ്  എന്റെ മൂന്നാം ക്ലാസ്സുകാരന്‍ സ്കൂളീന്ന് വന്നു ഒരു ചോദ്യം ...
അമ്മെ നമ്മള്‍ക്ക്  ശബരിമലേല്‍ പോകാമോ  ?
എന്താ മോനെ ന്നു ചോദിച്ചപ്പോ പറയാണ് ..അവിടെ ഒരു പായസം കിട്ടും ... ഇന്ന് അശ്വതി  പായസം കൊണ്ട് വന്നു  ,നല്ല രുചിയാര്‍ന്നു ..എനിക്ക് ഇച്ചിരിയെ കിട്ടീള്ളൂ , ആ സ്ടീഫനും  ആദിഷും ഒക്കെ ഒത്തിരി സ്പൂണ്‍ എടുത്തു  ..എന്ന്..

മോന് വേണ്ടി ഉണ്ടാക്കിയതാ .പക്ഷെ .. .. സാരമില്ല ഒന്നൂടെ ഉണ്ടാക്കി നോക്കും ഞാന്‍ ..

Tuesday, December 8, 2009

പിറവി

.....മറ്റൊരിക്കല്‍ അനേകരുടെ ഉയര്‍ച്ചക്ക് കാരണമായ ദിവ്യശിശുവിന്റെ പിറവിയെ കുറിച്ചാണ്‌ അച്ചന്‍ എന്നോട് സംസാരിച്ചത് . വിദ്വാന്മാരുടെ വരവിനെ കുറിച്ചും അവരുടെ സമ്മാനത്തെ കുറിച്ചും പറഞ്ഞു .അവര്‍ ശിശുവിനു സ്വര്‍ണ നാണയങ്ങളും കുന്തിരിക്കവും മീറയും സമ്മാനിച്ചു . മീറ ഒരു സുഗന്ധ വസ്തു ആണെന്നും ഒരു തരം മുള്‍ ചെടിയില്‍ നിന്നും ആണു അതെടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു തന്നു .ഉള്ളില്‍ ഒന്ന് ഞടുങ്ങിക്കൊണ്ട് അത്  ക്രിസ്തു യേശുവിനു പില്‍ കാലത്ത് കിട്ടിയ മുള്‍ കിരീടത്തിന്റെ പ്രതീകമായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു .ഗില്‍ബര്‍ട്ട് അച്ചന്‍ ഒന്ന്  ഞടുങ്ങിയ പോലെ തോന്നി . കട്ടിയുള്ള കണ്ണാടിയിലൂടെ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി ... എന്നിട്ട് വിജയകരമായ ക്രിസ്തീയ ജീവിതം നയിച്ച ആ വൈദികന്‍ എന്നോട് ചോദിച്ചു   , "നിനക്ക്  മിശിഹായെ കുറിച്ച് ഒരു പുസ്തകം എഴുതിക്കൂടെ ?" ഞാന്‍ പേടിച്ചു പോയി . ഏകദേശം 35  വര്‍ഷത്തിനു ശേഷം "ബൈബിള്‍ - വെളിച്ചത്തിന്റെ കവചം എഴുതുമ്പോഴും ആ പേടി എന്നോടൊപ്പം ഉണ്ടായിരുന്നു. ...

                     ( കാര്‍ത്തികയില്‍ പദ്മനാഭന്‍ അപ്പന്‍ -കെ പി അപ്പന്‍- രചിച്ച  കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ   " മധുരം  നിന്റെ ജീവിതം " എന്ന കൃതിയില്‍ നിന്ന്  )



         
      എല്ലാവര്ക്കും എന്റെ ക്രിസ്തുമസ്  , ന്യൂ ഇയര്‍ ആശംസകള്‍ ....

പടത്തിനെ കുറിച്ച് :
ഇതെന്റെ സ്വന്തം മാതാവും ഉണ്ണിയേശൂം , ഇലസ്ട്രെട്ടെര്‍ ലെ ബ്രഷ് ടൂള്‍  കൊണ്ട് വരച്ചത്. എനിക്ക് ആ ടൂള്‍ ന്റെ ഉപയോഗം മാത്രേ അറിയൂ , വിമല്‍ ചെയ്യുന്ന പോലെ അസാദ്ധ്യം ആയി പെയിന്റ് ചെയ്യാനൊന്നും അറിയില്ല  
  

Tuesday, November 24, 2009

അസ്തമയം

കുക്കൂ  പെന്‍സില്‍ , സ്പ്രേ ,എന്നീ ടൂള്‍സ് ഉപയോഗിച്ച് സാദാ പെയിന്റില്‍ വരച്ച പടങ്ങള്‍ കണ്ട്  നടത്തിയ ഒരു ശ്രമം (ഇത് കോപ്പിയടി വിഭാഗത്തില്‍ പെടുമോ എന്തോ .....)

Friday, November 20, 2009

വേറൊരു പെണ്‍കുട്ടി

നീലത്താമര


ഇന്ന് ഉച്ചവരെ  നെറ്റ് ഇല്ലായിരുന്നു ..... അപ്പൊ കുത്തിയിരുന്നു കുറെ പടം വരച്ചു ....
നീലത്താമര യുടെ പുതിയ വേര്‍ഷനിലെ    പാട്ട് ഒന്ന് രണ്ടു പ്രാവശ്യം ടി വി  യില്‍ കണ്ടു ...
ആ കുട്ടിയെ ( അര്‍ച്ചന കവി ) കാണാന്‍ നല്ല ഐശ്വര്യം  ഉണ്ട് ...
അതിന്റെ ഓര്‍മയില്‍ വരച്ചതാണ് ....

മുന്‍‌കൂര്‍ ജാമ്യം  : ഒരു നാടന്‍ കുട്ടിയെ വരക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ , ആ കുട്ടിയും  ആയി കമ്പയര്‍ ചെയ്യരുതേ ... അതിനെ കാണാന്‍ നല്ല ഭംഗി ആണ് , എന്റെ നീലത്താമര അതിന്റെ ഒരു ബീറ്റാ വേര്‍ഷന്‍
( കടപ്പാട് : കൊച്ചുത്രേസ്സ്യ ) ആണെന്ന് പറയാം...

Monday, October 26, 2009

എനിക്ക് മുന്പേ നടക്കുന്ന സ്വപ്‌നങ്ങള്‍ ...

എന്ന് മുതലാണ് എന്റെ ചില സ്വപ്‌നങ്ങള്‍ എനിക്ക് മുന്‍പായി നടക്കാന്‍ തുടങ്ങിയതെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല
എന്തായാലും ഏഴാം ക്ലാസ്സിലെ സ്കോളര്‍ ഷിപ്‌ എക്സാമിനു ശേഷം ഒരിക്കല്‍ എനിക്കും വേറെ രണ്ടു കുട്ടികള്‍ ക്കും അത് കിട്ടുന്നതായി ഒരു സ്വപ്നം ... അതില്‍ ശബനക്ക് പകരം സിനിക്കു‌ ആണ് കിട്ടിയത് എന്നതൊഴിച്ചാല്‍ സ്വപ്നം സത്യമായി വന്നു .
പിന്നത്തെ ഒരു സ്വപ്നം എന്റെ ബട്ടര്‍ഫ്ലൈ ചെടിയില്‍ പൂ ഉണ്ടായിരിക്കുന്നു , എന്നിട്ട് ആ പൂവിന്റെ തണ്ട് ഒടിഞ്ഞു തൂങ്ങി കിടക്കുന്നു ... എനിക്കാ ചെടീല്‍ അന്ന് വരെ പൂവിന്റെ കിട്ടിയിരുന്നില്ല ... സ്വപ്നത്തിന്റെ രണ്ടാം നാള്‍ ഒരു പൂ തണ്ട് ... പിന്നെ പൂവ്‌ ... തീര്‍ന്നില്ല , അടുത്ത ദിവസം ഞാന്‍ കാണുന്നത് എന്റെ പൂ തണ്ട് ഒടിഞ്ഞു കിടക്കുന്നത് ! ( മമ്മിയോട്‌ എന്തിനോ വാശി എടുത്ത് എളേ ആങ്ങള ഒരു കോലും കൊണ്ട് ചുമ്മാതെ വീശിയത്‌ ആണ്‌ ,കൊണ്ടത്‌ ആ
പൂവിന്റെ തണ്ടിനും .....)
ആ ചെടിയില്‍ ആദ്യം ഉണ്ടായ പൂക്കുല ഒടിഞ്ഞു പോയതിന്റെ സങ്കടതിനും അപ്പുറം എന്റെ സ്വപ്നം പോലെ തന്നെ ആ തണ്ട് ഒടിഞ്ഞു വീണത്‌ കണ്ടതിന്റെ വിസ്മയമായിരുന്നു എനിക്ക് ...
ഒരുപക്ഷെ ആ സ്വപ്നം കണ്ടില്ലാര്‍ന്നെ ഞാനവനെ ഓടിച്ചിട്ടു തല്ലിയേനെ ...(ഞാന്‍ ഒരു ചെടി പ്രാന്തി ആണ്‌ കേട്ടോ ..)
പിന്നീടൊരു സ്വപ്നത്തില്‍ വീട്ടിലെ പൂച്ചയെ പവര്‍ കോഡിന്റെ രൂപത്തിലുള്ള ഒരു കറുത്ത പാമ്പ്‌ വരിഞ്ഞു കൊല്ലുന്നത് ... പിന്നീടൊരു ദിനം അടുത്ത പറമ്പില്‍ എന്റെ പൂച്ച മരിച്ചു കിടക്കുന്നത് കണ്ടത്‌ ....

എന്റെ വീടിന്റെ തൊട്ടുമുന്‍പിലുള്ള പറമ്പും കഴിഞ്ഞൊരു പാടം ,അതിനുമപ്പുറം റെയില്‍ വേ ട്രാക്ക് ...
ഒരുദിവസം രാത്രി ഞെട്ടി ഉണര്‍ന്നത് പാടത്തൂടെ ട്രെയിന്‍ വീട്ടിലേക്ക് പാഞ്ഞു വരുന്നത് കണ്ടിട്ട് ...
പിറ്റേന്ന് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ തന്നെ ഉണ്ടായിരുന്നു ഒരു ട്രെയിന്‍ ദുരന്തം .....


അപ്പൊ ദാ ജനുവരി അവസാനം അടുത്ത സ്വപ്നം ....
എസ്സ്‌ എസ് എല്‍ സി പരീക്ഷയ്യാണ് ...എനിക്കൊരക്ഷരം എഴുതാന്‍ പറ്റണില്ല ,
കടലാസുകള്‍ പറന്നു പോകുന്നു .........

എനിക്കണേ ഭയങ്കര സങ്കടം ആയി .....
കുരുവീന്നു വിളിക്കണ കൂട്ടുകാരിയോട് പറഞ്ഞു ഞാന്‍ ഇങ്ങനെ ഒരു സ്വപ്നം കണ്ടു എന്നൊക്കെ ...
പിന്നെ ഈ രണ്ട് സ്വപ്നങ്ങളും കൂടി ഒന്നിച്ചായി എന്റെ ഉറക്കം കളയല്‍ ...
പിന്നീട് പഠന അവധി തീരുന്ന അന്ന് മമ്മീയെ വിളിച്ചു പറഞ്ഞു മമ്മീ ഞാന്‍ അടുത്ത പ്രാവശ്യം എഴുതിക്കോളം ഇപ്പൊ എഴുതുന്നില്ല , അപ്പൊ മമ്മീം കരച്ചിലായി ...
ഒന്നാമത്‌ മുടിഞ്ഞ സ്കൊലര്ഷിപ്‌ ഒക്കെ കിട്ടിയ കാരണം ടീചെര്മാര്‍ക്കും , ടുഷന്‍ സെന്ററിലെ സാരുംമാര്‍ക്കും ഒക്കെ വന്‍ പ്രതീക്ഷയാണ് .... ക്രിസ്മസ് പരീക്ഷക്ക്‌ എഴുപത്തി അഞ്ചു ശതമാനം ആയിപ്പോയീ എന്നും പറഞ്ഞു സാറന്മാര്‍ ഒരുപാട്‌ ചീത്ത വിളിച്ചതാണ് ....
എന്തായാലും കരഞ്ഞു വിളിച്ചും ഒക്കെ പരീക്ഷ ഒപ്പിച്ചു .... ഫസ്റ്റ് ക്ലാസ്സ് കടമ്പ കടന്നു കിട്ടി ....

പിന്നീട് എന്റെ മോന് ഒരു വയസ്സ്‌ ആയപ്പോ ഒരു സ്വപ്നം ഞാന്‍ പ്രസവത്തിനു എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റലില്‍ കിടക്കുന്നു .....
ഞാന്‍ എഴുന്നേറ്റിരുന്നു കരയാന്‍ തുടങ്ങി .. യോ ഇനി നിന്റെ കാര്യം ആര് നോക്കും മോന്റെ കാര്യം ആര് നോക്കും എന്നും പറഞ്ഞു .... (എനിക്കെന്റെ സ്വപ്നങ്ങളെ അത്രയ്ക്ക് വിശ്വാസം ആണേ )
പിന്നൊരു അഞ്ചു മാസം കഴിഞ്ഞു സ്കാനിങ്ങിനു പോനെന്റെ തലേന്ന് കറുത്ത് മെലിഞ്ഞ ഒരു ആണ്‍ കുട്ടി യെ സ്വപ്നം കണ്ടു .....

പിന്നെയും ഒരു നാലു മാസത്തിനു ശേഷം ( ഹോസ്പിറ്റല്‍ ലക്ഷ്മി അല്ലാട്ടോ ) എന്റെ ഉണ്ണി വന്നു , എന്റെ സ്വപ്നം പോലെ കറുത്ത് മെലിഞ്ഞു .....
വേദന മാറാതെ കരയുമ്പോ എന്നെ കുറുമ്പ് പിടിപ്പിക്കാന്‍ ഡോക്ടര്‍ ..
" ..... വേദന കൊണ്ടൊന്നും അല്ല കരയുന്നത് ... രണ്ടാമത്തെ കുട്ടീം ആണ്‍ ആയതിന്റെ സങ്കട .."
ഞാന്‍ വിട്ടുകൊടുക്കൊമോ .. ഞാന്‍ പറഞ്ഞു " ആണ്‍കുട്ടി ആവും എന്ന് എനിക്ക് അഞ്ചാം മാസത്തില്‍ തന്നെ അറിയായിരുന്നു ലോ ഞാന്‍ ദാ ഇതുപോലോന്നിനെ സ്വപ്നം കണ്ടതാ ...
" ഉവ്വോ ദാട്സ് ഗോഡ്സ്‌ ഗ്രേസ് " എന്നായി ഡോക്ടര്‍.....

കഴിഞ്ഞ ഏപ്രിലില്‍ ഞാന്‍ വീട്ടില്‍ ഒരു ആള്കൂടം കണ്ടു .... അമ്മയോട് (അമ്മായി ) തെളിച്ചു പറഞ്ഞില്ലെങ്കിലും സൂചിപ്പിച്ചു " അമ്മേ ഞാന്‍ വല്ലാത്ത സ്വപ്നം ഒക്കെ കാണുന്നുണ്ട് കേട്ടോ എന്ന് ..."
അച്ച്ചച്ച്ച്ചന്‍ ( അമ്മായി അച്ഛന്‍ ) വയ്യാതെ കിടപ്പായിരുന്നു .......
എന്റെ മമ്മിയോട്‌ മാത്രം വിളിച്ചു പറഞ്ഞു "മമ്മീ ഞാന്‍ ഇങ്ങനത്തെ സ്വപ്നം ഒക്കെ കണ്ടു ..." എന്ന്
അതനുസരിച്ച് അമ്മേം , അനിയനും ഒക്കെ വരികേം ചെയ്തു .....
അച്ചാച്ചന്‍ ഫുള്‍ കിടപ്പായിരുന്നു ...അടുത്തുള്ള കോണ്‍വെന്റിലെ സിസ്റെര്സ് ഒക്കെ വന്നു കൂദാശ ഒക്കെ കൊടുത്തതാണോ എന്ന് വരെ ചോദിച്ചു ....
പക്ഷെ ദൈവനുഗ്ര ഹത്താല്‍ അച്ചച്ചനു അപ്പൊ ഒന്നും പറ്റീല ...എങ്കിലും ജൂണില്‍ സ്ട്രോക്ക് വന്നു അമൃതയില്‍ ആയിരുന്നു ബോധം ഇല്ലാതെ ..... റൂമും ഐ സി യു വും ഒക്കെ ആയി ...ജൂലൈ എട്ടിന് എന്റെ അടുത്ത സ്വപ്നം അച്ചച്ചനുമായി ഞങ്ങള്‍ സെമിത്തേരി യില്‍ ...
അച്ചച്ചനു നല്ല പൊക്കം ഉണ്ട് അത് കൊണ്ടു പറ്റിയ പെട്ടികിട്ടുമോ , കല്ലറ തികയുമോ എന്നൊക്കെ പണ്ട് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു ...
സ്വപ്നത്തില്‍ എല്ലാം കഴിഞ്ഞു അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു " കൊച്ചെ .. .അച്ചാച്ചന്‍ പേടിച്ച പോലെ ഒന്നും ആയില്ലല്ലോ ..." എന്നോ മറ്റോ
ജൂലൈ പത്താം ത്‌ിയതി ഉച്ചക്ക് മുന്പേ അച്ചാച്ചന്‍ മരിച്ചു ......

ആറടിയോളം പൊക്കമുണ്ടായിരുന്ന അച്ചച്ചന്റെ  പെട്ടി  ഒരിഞ്ചിന്റെ  ഗാപ് പോലും ഇല്ലാതെ കല്ലറ ക്കുള്ളിലേക്ക്   .........എന്റെ ദൈവമേ ..........
എല്ലാര്ക്കും ടെന്‍ഷന്‍ ആയിരുന്നുവത്രേ ആ സമയത്ത് ...... കല്ലറയുടെ സൈഡ് പൊളിക്കേണ്ടി വരുമോ എന്നൊക്കെ ... എന്ന്  പിന്നീടറിഞ്ഞു ....
എന്റെ മനസ്സില്‍ ആ സ്വപ്നം മാത്രമായിരുന്നു ആ സമയത്ത് ... അമ്മ പറഞ്ഞ വാക്കുക്കള്‍  .." കൊച്ചെ അച്ചാച്ചന്‍ പേടിച്ച പോലെ ഒന്നും ആയില്ലല്ലോ ..."







Sunday, October 18, 2009

പരദൂഷണം - ഒരു (എക്സ് ) ഫെമിനിസ്റ്റിന്റെ കഥ

ഞാന്‍ ഡിഗ്രി പഠനത്തിന്റെ രണ്ടു വര്‍ഷവും ഹോസ്റ്റലില്‍ ആയിരുന്നൂന്ന് എന്റെ രണ്ടാമത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്‌ ആണല്ലോ .. ഫൈനല്‍ ഇയര്‍ എന്‍ഡില്‍ പയ്യെ ചിലര്‍ക്കൊക്കെ പ്രോപോസല്സിന്റെം പെണ്ണ് കാണലിന്റെം ഒക്കെ മണം അടിച്ചുതുടങ്ങി ... ഒരു ദിവസം ഞങ്ങള്‍ കൂലങ്കഷമായി ഒരു ചര്‍ച്ച നടത്തി ...
"ഭാവി ഭര്‍ത്താവില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് ........" ഇതായിരുന്നു വിഷയം .
എല്ലാവരും അവനവന്റെ ഭാവന അനുസരിച്ച് തുറന്നടിക്കാന്‍ തുടങ്ങി ...
ഞാന്‍ പറഞ്ഞു "എനിക്ക് തണല്‍ വേണം "
ഞങ്ങള്‍ടെ അപ്പന്സിന്നും നിന്നും ഒരു സംരക്ഷണവും ലഭിക്കാതെ മൂന്നു മക്കളെ വളര്‍ത്തി അതിനിടെ സ്വന്തം വീട്ടിലെയും കാര്യങ്ങള്‍ നോക്കി കഷ്ടപ്പെടുന്ന ന്റെ മമ്മീനെ ഓര്‍ത്താ ഞാന്‍ ഇങ്ങനെ ഒരു ഡയലോഗ്
കാച്ച്ചീത് ... എന്നാപ്പിന്നെ നീ വല്ലോ മരത്തിനേം കെട്ടേണ്ടി വരുമെന്നൊക്കെ എല്ലാരും പറഞ്ഞു ചിരിക്കാന്‍ തുടങ്ങി ...അങ്ങനെ ഞങ്ങള്‍ടെ പ്രിഫേകറ്റ്‌ അഥവാ ലീഡര്‍ ന്റെ ടേണ്‍ ആയി - ടി കക്ഷിയെ കുറിച്ചു രണ്ടു വാക് - കണ്ടാല്‍ അസ്പിരിന്റ്റ്‌ ( കന്യാസ്ത്രി ആകാന്‍ പോകുന്ന പെണ്‍കുട്ടി ) നെ പ്പോലെ , മാതാവിന്റെ പോലത്തെ കാരുണ്യം വഴിഞ്ഞൊഴുകുന്ന മുഖം ...പക്ഷെ വാ തുറന്ന ഫെമിനിസമേ വരൂ .
ഞങ്ങള്‍ടെ ഹോസ്റ്റലില്‍ നിന്നു ജേര്‍ണലിസം പഠിക്കുന്ന മീന ചേച്ചി ആണ് മെയിന്‍ കൂട്ട് .
കോ -ഹാബിട്ടെഷന്‍ , ഫെമിനിസം തുടങ്ങി ഞങ്ങള്ക്ക് തീരെ ദഹിക്കാത്ത വിഷയങ്ങള്‍ ആണ് അവര്‍ക്ക് പ്രിയം

ലീഡര്‍ പറഞ്ഞു : എന്റെ ഭര്‍ത്താവു എന്റെ കൂടെ അടുക്കളയില്‍ കയറണം , ഞാന്‍ പച്ചക്കറി അരീമ്പോ അങ്ങേര്‍ തേങ്ങ തിരുമ്മണം ...
"ന്റമ്മോ ഇത് കുറച്ചു കടന്നു പോയി എന്റെ സോഫീ " എന്നായി ഞങ്ങള്‍
ഭര്‍ത്താവിനു വായ്ക്ക് രുചിയുള്ളത് ഉണ്ടാക്കി കൊടുക്കുന്നത് ഒരു സന്തോഷമുള്ള കാര്യമല്ലേ എന്ന് നനു ..

ഈ സംഭവം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു സോഫി ഞങ്ങള്‍ടെ കയ്യില്‍ ഒരു ഇന്‍ ലാന്‍ഡ്‌ തന്നു പോസ്റ്റ്‌ ചെയ്യാന്‍ ( ഞങ്ങള്‍ കടേ പോണ വഴി ) ആര്‍ക്കാ സോഫി എന്ന് ചോദിച്ചപ്പോ പറഞ്ഞു ചേച്ചിക്കാ എന്ന്
ചേച്ചീടെ കല്യാണം കഴിഞ്ഞിട്ടേ ഉള്ളു ...
ആഹ മണവാട്ടി ചേച്ചിക്കാണോ എന്ന് ചോദിച്ചു വെറുതെ ടു അഡ്രസ്‌ വായിച്ചു
അതിങ്ങനെ ആയിരുന്നു
to
Miss Leena Sebastian
Address
ഞാന്‍ പറഞ്ഞു "ന്റെ sofee sebastan അപ്പന്റെ പേര് മാറ്റണ്ട , പക്ഷെ കല്യാണം കഴിഞ്ഞ ചേച്ചിക്ക് മിസ്സ്‌ എന്ന് ലെറ്റര്‍ എഴുതുന്നത് ഇത്തിരി കടന്ന കയ്യട്ടോ , മിസ്സ്‌ എന്നാ വാക്ക് ഒരുപാട്‌ അര്‍ഥം ഉള്ളതാ ...
നീ ഇപ്പൊ ചെയ്യുന്നത്തെ നിന്റെ ചേട്ടനെ ഇന്സല്റ്റ്‌ ചെയുന്നതിന് തുല്യവ ..."

എന്തായാലും മറുപടി ചേച്ചി തന്നെ കൊടുത്തു
ഒരാഴ്ചക്കകം മറുപടി വന്നു
ഫ്രം ഇല് പുന്നാര ചേച്ചി വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയിരുന്നു
മിസ്സിസ് ലീന ജോണ്‍ എന്ന്

ഈയിടെ എന്റെ കൂട്ടുകാരി സോഫിയെ കണ്ടിരുന്നു ഭര്‍ത്താവിന്റെ ഒപ്പം
പുള്ളിക്കാരന്‍ തേങ്ങ തിരുമ്മി തരാരുണ്ടോ എന്ന് നിനക്ക് ചോദിക്കാര്‍നില്ലേ എന്ന് ഞാന്‍ ..
കേട്യോന്റെ പുറകില്‍ പൂച്ചയെപ്പോലെ പതുങി അവള്‍ടെ നിപ്പു കണ്ടപ്പോ ചോദിയ്ക്കാന്‍ തോന്നീല എന്നവള്‍

Saturday, October 10, 2009

ചോക്ലേറ്റ് പരസ്യം പോലെ ഒന്ന് ....


എനിക്കീ ഫോട്ടം കണ്ടപോ ഈയിടെ കണ്ട ഒരു ചോക്ലേറ്റ് ആഡ് ഓര്മ്മ വന്നു ....
തലയില്‍ ചോകലെട്ടിന്റെ സ്പ്ലാഷ്‌ ...
അങ്ങിനെ എങ്കില്‍ ഇതു ഒരു പശുവിന്റെ സ്വപ്നം അല്ലെ ?

Monday, September 21, 2009

ഉണ്ണി പറഞ്ഞത് ....

ഞങ്ങള്‍ടെ പള്ളീല്‍ കുമ്പസരിച്ചു കുര്‍ബാന അനുഭവിക്കുന്നതിനു ഒരു ഷോര്‍ട്ട് കട്ട്‌ ഉണ്ട് , രാവിലെ കുര്‍ബാന തുടങ്ങുന്നതിനു മുമ്പെ പള്ളീല്‍ എത്തിയാല്‍ അച്ഛന്‍ തലയ്ക്കു പിടിച്ചു പ്രാര്‍ത്ഥിക്കും , എന്നിട്ട് കുര്‍ബാന മദ്ധ്യേ കുര്‍ബാന (അപ്പം ) തരും .
ഇനി രാവിലെ പള്ളീല്‍ എത്താന്‍ പറ്റിയില്ല എങ്കില്‍ ഇനീം ഷോര്‍ട്ട് കട്ട്‌ ഉണ്ട് , കുര്‍ബാന കഴിയുമ്പോള്‍ അച്ഛന്‍ തലയ്ക്കു പിടിച്ചു പ്രാര്‍ത്ഥിക്കും , അതിനുശേഷം കുര്‍ബാനയും തരും , കുര്‍ബാന അനുഭവിക്കനുള്ളവര്‍ വെറും വയറ്റില്‍ ചെല്ലണം എന്നാണ് (രാവിലെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചു ).
ഈ ഞായറാഴ്ച ഞങ്ങള്‍ ലേറ്റ് ആയിയാണ് പള്ളീല്‍ എത്തിയത് .അതിനാല്‍ ,പള്ളീല്‍ കഴിഞ്ഞു തലയ്ക്കു പിടിച്ചു പ്രാര്‍ത്ഥിക്കാന്‍ നില്‍കുകയാണ്‌ . ഞാനും അപ്പയും (മക്കള്ടെ ) കുട്ടൂസന്മാരും ഉണ്ട് . ഏറ്റവും മുന്പില്‍ ഒരു പന്ത്രണ്ടു വയസ്സുള്ള പെണ്കുട്ടി അവളോട്‌ അച്ഛന്‍ ചോദിച്ചു "മോളെ കാപ്പി കുടിച്ച്ചിട്ടണോ വന്നത് ? " അവള്‍ അതെയെന്നോ മറ്റോ പറഞ്ഞു ."ഇന്നത്തേക്ക് സാരമില്ല , പക്ഷെ അടുത്ത സണ്‍‌ഡേ മുതല്‍ കാപ്പി കുടിക്കാതെ വരണം കേട്ടോ " എന്ന് അച്ഛന്‍ . പിന്നെ തൊട്ടുപുറകില്‍ നില്ക്കുന്ന എന്റെ മൂത്ത പുത്രനോട് " മോന്‍ കാപ്പി കുടിച്ചോ ?" അവന്‍ പറഞ്ഞു "ഞാന്‍ കുടിച്ചു , " ( ബാക്കില്‍ നില്‍കുന്ന അനിയനെ നോക്കി ) "പക്ഷെ ഇവന്‍ കുടിച്ചിട്ടില്ല "
അച്ഛന്‍ ഒന്നാം ക്ലാസുകാരനോട് "മോന്‍ കുടിച്ചോ ?"
"ഞാന്‍ കാപ്പിയൊന്നും കുടിചിട്ടുപോലും ഇല്ല " എന്നായി അവന്‍ .അച്ഛന്‍ ഹാപ്പിയായി ," മോന്‍ മിടുക്കനാ " എന്നൊക്കെ പറഞ്ഞു തലയില്‍ തലോടി .
തിരിച്ചു പോരുന്ന വഴി അപ്പ ചോദിച്ചു "ഉണ്ണീ നീ രാവിലെ ഒന്നും കഴിച്ചില്ലേ ?"
അവന്റെ മറുപടി " അച്ഛന്‍ ചോദിച്ചത് കാപ്പി കുടിചോന്ന , ഞാന്‍ കാപ്പി കുടിച്ചിട്ടില്ല ,ബൂസ്റ്റ്‌ ഇട്ടു പാല്‍ മാത്രേ കുടിച്ചിട്ടുള്ളൂ ഇന്നു രാവിലെ !"

Monday, September 14, 2009

സൊര്നകുഞ്ഞപ്പന്‍ മുതല്‍ ജാക്കി വരെ

സവര്‍ണ കുഞ്ഞപ്പന്‍ എന്ന പേരു എല്ലാരും നല്ലപ്പോ കേള്കുന്നത് ആയിരിക്കും . ഇതു ഒരു പൂച്ചയുടെ പേരാണു .
ഞങ്ങള്‍ ആദ്യം വളര്‍ത്തിയ പൂച്ചക്ക്‌ കുട്ടന്‍ ( എന്റെ ചെറിയ അനിയന്‍ ) ഇട്ട പേരാണു അത് !
കാണാന്‍ വല്യ ഭംഗി ഒന്നും ഇല്ലാതിരുന്ന ഒരു ബ്ലാക്ക്‌ & വയ്റ്റ്‌ പൂച്ച ആയിരുന്നു അത് ...
അതിനോട് ഉള്ള സ്നേഹം കാരണമാണ് കുട്ടന്‍ വിചിത്രമായ ഈ പേര്‍ അതിന് സമ്മാനിച്ചത് ...
ആ വെക്കേഷന് നാട്ടീ പോയപ്പോ അതിനേം കൊണ്ടോയി . ഒരു ബാസ്കറ്റില്‍ ഒക്കെ ആക്കി .
പക്ഷെ സ്കൂള്‍ തുറന്നപ്പോ തിരിച്ചു പോന്നത് ബസ്സില്‍ ആയതിനാല്‍ തിരിച്ചു കൊണ്ടോന്നില്ല .
തറവാട്ടില്‍ ആന്റിക്ക് ഒരു വല്യ ഉപദ്രവം ആയിരുന്നു അത് എന്ന് പിന്നീട് കെട്ട് .
എറണാകുളം സൈഡിലെ മണ്ണ് നല്ല സോഫ്റ്റ്‌ ആണ് .... സൊര്ന കുഞ്ഞപ്പനു കുഴി കുഴിക്കാനും മൂടാനും വല്യ ബുദ്ധിമുട്ട് ഉണ്ടാര്‍നില്ല ... എന്നാല്‍ കൂത്താട്ടു കുളത്തെ മണ്ണ് നല്ല ഹാര്‍ഡ് ആയിരുന്നതിനാല്‍ പ്രകൃതി വിളിക്കുമ്പോള്‍ അവന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി ...
അടുപ്പിലെ ചാരത്തിന്റെ ഉള്ളില്‍ ...
പിന്നെ ആന്റി വറുത്തു മുറത്തില്‍ ചൂട് മാറാന്‍ വച്ചിരിക്കുന്ന അരിപ്പൊടിയില്‍ ഒക്കെ അവന്‍ കാര്യം സാധിക്കാന്‍ തുടങ്ങി ..... സല്യം സഹിക്കവയാതെ ചാച്ചന്‍ അവനെ നാട് കടത്തുകയും ചെയ്തു !
അമ്മപ്പന്‍ - അതായിരുന്നു ഞങ്ങള്‍ടെ അടുത്ത പൂച്ചയുടെ പേര്‍ .... അമ്മയുടെയും അപ്പന്റെയും റോള്‍ ഒറ്റയ്ക്ക് ചെയനത് കൊണ്ടാണ് ഞങ്ങള്‍ അമ്മപ്പന്‍ ആ പേര്‍ നല്‍കിയത്‌ .
മാഫിയ .. ഇതു വേറൊരു പൂച്ച ഇവന്‍ ഭയങ്കര സ്മഗ്ലിംഗ് ആയിരുന്നു .
വേടന്‍ ... ഇവന്‍ എല്ലാ ദിവസവും ഏതെങ്കിലും ഒരു ജീവിയെ പിടിച്ചോണ്ട് വന്നു കട്ടിക്കീഴെ വക്കും ( പാമ്പ്‌ , ഓന്ത്‌ , അരണ ...ഇങ്ങനെ പോണു അവന്റെ ലിസ്റ്റ് ..)
പിന്നെ ഞങ്ങള്‍ പുതിയ വീട് വച്ചു മാറീപ്പോ ഇവറ്റകളെ ഉപക്ഷിച്ചു ..

ജാക്കിയുടെ വരവും എന്റെ വരവും തമ്മില്‍ ഏകദേശം രണ്ട് മാസത്തിന്റെ വ്യത്യാസമേ ഉള്ളു.
എന്റെ കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞാണ് ജാക്കിയെ കൊണ്ടോന്നത് ..
അവന്‍ ഡോബര്‍മാന്‍ -ഗ്രൈറ്റ്‌ ഡേന്‍ ക്രോസ് ആണെന്ന് പറയപ്പെടുന്നു ...
ജാക്കിയെ എല്ലാര്ക്കും വല്യ കാര്യം ആയിരുന്നു ... കല്യാണം കഴിഞ്ഞ സമയത്തു എന്റെ ആങ്ങള എന്നെ കാണാന്‍ വരുമ്പോ രണ്ട് മില്കി ബാര്‍ ഉണ്ടാകും കയ്യില്‍ .. ഒന്നു ഗേറ്റിന്റെ അടുത്ത് വച്ചു തന്നെ ജാക്കിക്ക് കൊടുക്കും എന്നിട്ടേ അവന്‍ അകത്തു കേറൂ ...
പിന്നെ ഇപ്പൊ അനന്തിരവന്‍ മാര്‍ ഒക്കെ ആയപ്പോ അവന് ജാക്കീനെ വല്യ മൈന്‍ഡ് ഇല്ല കേട്ടോ
എന്നാലും ജാക്കിടെ കാര്യം നല്ല രസമാണ് .. ഞാന്‍ എവിടെയെങ്കിലും പോയി വരുമ്പോ കുടൂസന്മാര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നത് കണ്ടാ അവനു ഭയങ്കര സങ്കടവും കുശുമ്പും ആണ് ... അവന്‍ കഴിക്കുന്ന പത്രം വലിച്ചെറിഞ്ഞു അവന്‍ പ്രതിഷേധം പ്രകടിപ്പിക്കും ! എന്തേലും കൊണ്ടേ അവനു കൊടുത്ത മതി അവന്‍ ഹാപ്പിയാകും !
ഒരു ദിവസം ഞാന്‍ നോക്കുമ്പോ അവനും ഉണ്ണീം കൂടെ പച്ച മുന്തിരിങ്ങ തിന്നുന്നു .ഉണ്ണി പ്ലേറ്റില്‍ നിന്നും ഒന്നെടുത്തു വായിലേക്ക് , അടുത്തത്‌ നിലത്തേക്ക്‌ അത് ജാക്കി തിന്നുന്നു . അങ്ങനെ അങ്ങനെ ...
അവന്‍ ഏറ്റവും ഇഷ്ടം കുര്കുരെ , ബ്യ്ത്സ്‌ ,ഒക്കെ A ആണ് ... എന്റെ മക്കള്‍ക്ക്‌ കൊടുക്കുന്നത് എന്തും ആദ്യം അവനു കൊടുക്കണം , അവന്മാര്‍ തിന്നനത് എന്തായാലും ഞാന്‍ തിന്നും ,ഇതാണെന്ന് തോന്നുന്നു ജാകീടെ മനസ്സിലിരിപ്പ് ..
ഞാലിപ്പൂവന്‍ പഴം , പേരക്ക മുറിച്ചത്‌ , ചക്കപഴം , കപ്ലങ്ങ (പപ്പായ ) ഇതൊക്കെ അവനു ഞാന്‍ കൊടുത്തിട്ടുണ്ട് ( അവന്‍ തിന്നിട്ടും ഉണ്ട് )

Monday, June 22, 2009

ഒരു ചേട്ടന്‍ അനിയനെ കൈ പിടിച്ചു നടത്തുമ്പോള്‍ ..

എന്റെ ഉണ്ണിയാണ് ഇതിലെ ചേട്ടന്‍ ,
അവന്റെ ചേട്ടന്‍ , അതായത്‌ എന്റെ കടിഞ്ഞൂല്‍ കുഞ്ഞ് ഇതിലില്ല ,
ഇതിലെ ഉണ്ണി എന്റെ അനിയന്റെ (സഹോദരന്‍ )വാവയും


ഈ പൂക്കള്‍ വിരിഞ്ഞത് എന്റെ അനിയന്റെ ക്യാമറയില്‍ ...
ഡാ അത് ഒന്നു എന്റെ ജീമൈല്‍ വഴി കയറ്റി വിടടാ എന്ന് പറഞ്ഞു
എന്റെ വായിലെ വെള്ളം വറ്റി , ബന്ഗ്ലുര്‍ക്ക് വിളിച്ച എന്റെ മൊബൈലിന്റെ ചാര്‍ജും ...
സഹി കെട്ട് ഞാന്‍ രു ഇ മെയില് അയച്ചു ,എന്റെ മാതൃ ഭാഷയില്‍ ...
വിതിന്‍ ടു ദയ്സ് എന്റെ പൂക്കള്‍ ഇവിടെ !

യൂഫോര്‍ബിയ പീച്ച് കളര്‍


ഇതു സിസ്റ്റര്‍(മഠം) തന്നത് , ചെടീടെ കാര്യത്തില്‍ ഞങ്ങള്‍ പണ്ടത്തെ ബാര്‍ട്ടര്‍ സമ്പ്രദായം പിന്‍തുടരുന്നു ....
"ഗിവ് ആന്‍ഡ്‌ ടേക്ക് പോളിസി ..."


യൂഫോര്‍ബിയ .... ക്രീം കളര്‍

എന്റെ ട്യൂബ് റോസ് ....




ഇതെന്റെ സ്വന്തം ട്യൂബ് റോസ് , മേഴ്‌സി മാഡം തന്നത് .... ബാക്കില്‍ കാണുന്നത് റെഡ് ബെല്ല്സ് ...അതും കാണാന്‍ നല്ല ഭംഗ്യാ ...
അല്ലെങ്കില്‍ തന്നെ ഏത് പൂവിനാണ് ഭംഗി ഇല്ലാത്തത് ?

Monday, June 8, 2009

ചക്ക അട ( അരിപ്പൊടി തീര്ന്നു പോയി , അപ്പൊ റവ കൊണ്ട അഡ്ജസ്റ്റ് ചെയ്തു

രാവിലെ അടുത്ത വീട്ടിലെ റഷീദചേച്ചി ഒരു ഹാഫ്‌ ചക്ക തന്നു .വയ്കുന്നേരം ഞാന്‍ അതും കൊണ്ടു അട ഉണ്ടാക്കി . ചക്ക അട ഇഷ്ടമുള്ളവര്‍ക്ക് വേണ്ടി ഞാന്‍ അതിന്റെ പാചകവിധി പോസ്റ്റുന്നു . അത് ഒരു കൂഴ ചക്കപഴം ആയിരുന്നു. വീട്ടില്‍ ആരും കഴിക്കാത്തതിനാല്‍ ആണ് ചേച്ചി അത് എനിക്ക് തന്നത് .

ആവശ്യമുള്ള സാധനങ്ങള്‍

*
ചക്കച്ചുള
*
ഏലയ്ക്ക
*
തേങ്ങ ചിരകിയത്
*
ശര്‍ക്കര
*
റവ
*
ഉപ്പ്
*
നെയ്യ്

ചക്കയില്‍ നിന്നും അടയിലെക്കുള്ള വഴി

ചക്കച്ച്ചുള കുരു , പാട ഒക്കെ മാറ്റി യശേഷം മിക്സിയില്‍ ഇട്ടു ഒന്നു അടിച്ചെടുക്കുക , അതിലേക്കു റവ ഇട്ടു കുഴയ്ക്കുക , റവ കുറച്ചു കുറച്ചു ചെര്തുകൊണ്ടേഇരിക്കണം , ഉണ്ണിയപ്പത്തിന്റെ കൂട്ടിന്റെ ലേശം കൂടെ അപ്പുറത്തേക്ക് പോകണം , എന്നിട്ട് തേങ്ങ ചിരകിയത് - ഞാന്‍ ഒരു മുറി തേങ്ങ എടുത്തു , ഏലക്കായ പൊടിച്ചത് - ഞാന്‍ അതിന്റ തോണ്ടും എടുത്തു , എലക്കക്കൊക്കെ ഇപ്പൊ എന്താ വില ! ശര്‍ക്കര ചിരകിയത് ( ന്യ്സായി ചിരകണം അല്ലേല്‍ അടുപ്പേ വച്ച് പാനിയാക്കണം , ഉപ്പ് , നെയ്യ് എന്നിവ ചേര്ത്തു നന്നായി യോജിപ്പിക്കുക ,
ഇനി വാഴയില എടുക്കുക , എന്റെ വീട്ടില്‍ വാഴയില ഉണ്ടാര്‍ന്നില്ല . അപ്രത്തെ വീടിലെ വാഴെലെ ഒരു ഇല " ഇതാ ..എന്നെ മുറിച്ചെടുത്തു അടയുണ്ടാകിക്കോളൂ ..." എന്ന് പറേണ പോലെ ഞങ്ങളുടെ കംബൌണ്ടിലോട്ടു നീണ്ടു നിന്നിരുന്നു . ഞാന്‍ അത് മുറിച്ചെടുത്തു . ചെറുതാക്കി . അട മിക്സ്‌ എലേടെ നടുവില്‍ വച്ചു പയ്യെ അമര്‍ത്തി , എടുത്തു .
ഇനി എല്ലാം എടുത്തു അപ്പച്ചെമ്പില്‍ വച്ചു നന്നായി ആവിയില്‍ പുഴുങ്ങി എടുക്കുക , കട്ടന്‍ ചായെടെയോ , പാല്‍ ചായെടെയോ കൂടെ പുറത്തെ മഴയും നോക്കി കഴിക്കുക .......

വാല്‍ക്കഷ്ണം: എനിക്ക് ഒരു ടീ സ്പൂണ്‍ , രണ്ടു ടീ സ്പൂണ്‍ മോഡലില്‍ എഴുതാന്‍ അറിയില്ല , അങ്ങനെ ഒട്ടു ഉണ്ടാക്കാരുംഇല്ല . അങ്ങിനെ പാചകം ചെയ്യുന്നവര്‍ വഴി വരണ്ട ,വന്നിട്ട് കാര്യമില്ല . .. അല്ലാത്തവര്‍ മാത്രം വഴി പോവുക .....

Thursday, June 4, 2009

പച്ചയായ പുല്‍പുറങ്ങളില്‍ ......


.... മരുഭൂമിയില്‍ ഉരുവയിട്ടും പച്ച അവര്‍ കൂടെക്കൊണ്ടു നടക്കുന്നു എന്നതാണ് ഏക ആശ്വാസം . ഇസ്ലാമിനു പച്ചഅങ്ങനെയാണു പുണ്യം ആയതു . പച്ചയായ പുല്‍മേടുകളിലേക്ക് യഹോവ നമ്മെ കൂട്ടിക്കൊണ്ടു പോകുമെന്ന്ദാവീധിനോപ്പം പാടാന്‍ ജുദനു ആയതും അതുകൊണ്ടാണു.വാനപ്രസ്തത്തിന്റെ - ആരണ്യക ആശ്രമത്തിന്റെകളരിയില്‍ രൂപപ്പെട്ടത് കൊണ്ടാവണം ഹൈന്തവികതക്ക് ആകാശത്തോളം വലിയ ഒരു മനസ്സ് കിട്ടിയത് ....

... കളയ്ക്കും വിളയ്കും ഒരുപോലെ ഇടമുള്ള ഒരു വയലിന്റെ കഥ പറഞ്ഞാണ്‌ യജമാനന്‍ അവനെ പ്രകാശിപ്പിക്കുന്നത് . നെല്ല് വിതയ്ക്കുന്ന പാടത്തു ചീര കള ആണു. ചീര വിതയ്ക്കുന്ന പാടത്ത് നെല്ലും അതുപോലെ .
പാടത്ത്തിരുന്നു നിശ്ചയിക്കേണ്ട ഒന്നല്ല കള . നമുക്കു ഉപയോഗം ഇല്ലത്തതിനോന്നും നിലനില്‍ക്കാന്‍അവകാശമില്ല എന്ന നരന്റെ വാശിയില്‍ നിന്നാണു ഭൂമിയുടെ പ്രതിസന്തികള്‍ എല്ലാം ആരംഭിക്കുന്നത്.
വ്യ വിധ്യങ്ങളെ ആദരിക്കനല്ല ഒഴിവാക്കാനാണ് പിന്നെ ശ്രമം. ഒരു പൂന്തോട്ടം രൂപപ്പെടുത്തുമ്പോള്‍ നമ്മലതാണ്ചെയ്യുന്നത് . പൂന്തോട്ടമല്ല കാവുകള്‍ മതി നമുക്കു . എല്ലാം ഒരുമിച്ചു വളരുന്ന ,പാമ്പിനും പറവക്കും ഇടംകൊടുക്കുന്ന കാവ് .അന്തിക്ക് നമുക്കതിന്റെ നടുവില്‍ ഒരു തിരിയും കൊളുത്താം .....

.......ഇനി അന്തിമ വിധിയില്‍ ദൈവം പഴയ ചോദ്യം ചോദിക്കില്ല . വിശക്കുന്നവനു കൊടുക്കാതെ പോയ അപ്പം , ദാഹിക്കുന്നവനു പകരാതെപോയ ജലം , നഗ്നനു നെയ്യാതെ പോയ അങ്കി ,
പകരം ഒരു ചോദ്യം "നീ ഒരു മരം നട്ടിട്ടുണ്ടോ ? " അതിലയിരിക്കും ഭൂമിയുടെ വിധിയും നിന്റെ വിധിയുംനിര്നയിക്കപ്പെടാന്‍ പോകുന്നത് !

മനുഷ്യസ്നേഹി യുടെ ഏപ്രില്‍ രണ്ടായിരത്തി എട്ടു എഡിറ്റോറിയലില്‍ ബോബി അച്ഛന്‍ എഴുതിയതില്‍ നിന്നുചില വരികള്‍ ..." ഞാനിവിടെ പകര്‍ത്തുന്നു ....
മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക് ..... ഇലകളെ .... പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക് !

എല്ലാവര്ക്കും എന്റെ പരിസ്ഥിതി ദിന ആശംസകള്‍!

Monday, June 1, 2009

നീര്‍മാതളപ്പൂക്കളുടെ അമ്മക്ക് ...



ഇന്നലെ രാവിലെ ന്യൂസ് ഫ്ലാഷ് "മാധവിക്കുട്ടി അന്തരിച്ചു " . തലേന്ന് വാങ്ങിയ ഗൃഹലക്ഷ്മിയില്‍ അഭിമുഖംഉണ്ടായിരുന്നു , പത്രപ്രവര്‍ത്തക ലീല മേനോന്‍ മാധവിക്കുട്ടീനെ പൂനെയില്‍ പോയ് കണ്ടു നടത്തിയത്‌ .
ഡിഗ്രി പഠിച്ചപ്പോള്‍ കോളേജില്‍ ആര്‍ട്സ് ഇനഗോരഷന് വന്നത് ഓര്മ്മ വന്നു ...കറുത്ത സാരിയൊക്കെ ഉടുത്തു .. എന്ത് ഭംഗി ആയിരുന്നു ആ അമ്മേ കാണാന്‍ ! പുള്ളിക്കാരത്തിക്ക് കറുത്ത നിറം വലിയ ഇഷ്ടാനെന്നു തോന്നുന്നു ... മിക്കവാറും കാണുക ബ്ലാക്ക്‌ ഡ്രസ്സ്‌ ഇട്ടോണ്ടാ ...
ഇന്നലെ രാവിലെ ചാനല്‍ മാറ്റി മാറ്റി കുറെ അഭിമുഖങ്ങളും കണ്ടു . എന്ത് രസാണ് സംസാരം കേട്ടോണ്ടിരിക്കാന്‍ ..
ഒരുപാട്‌ സ്നേഹം കൊതിച്ച , ഇമോഷണല്‍ ആയ , മലയാളത്തെ , മലയാളികളെ , പൂക്കളെ , മഴയെ .....എല്ലാംസ്നേഹിച്ച ആ തൊട്ടാവാടി അമ്മയ്ക്ക് എന്റെ മിഴിനീര്‍ പുഷ്പങ്ങള്‍ ...!

എനിക്ക് വായനയിലൂടെ പരിചയപ്പെട്ട കുറച്ചുപേരെ നേരില്‍ കാണുവാനുള്ള ഭാഗ്യം കിടീടുണ്ട് ...
മാധവിക്കുട്ടീനെ , പ്രിയ എ.എസ്സിനെ , ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ .... , ലീല മേനോനെ ..പിന്നെ ബോബ്ബി അച്ചനെ ( ഫാദര്‍ബോബി ജോസ് കപൂച്ച്ചിന്‍ )

പ്രിയ എ എസ്സിനെ കണ്ടത് ഒരുദിവസം എറണാകുളം ചേര്‍ത്തല ബസ്സില്‍ വച്ചാണ് . നാന്‍ ഇരിക്കുന്നു , പുള്ളിക്കാരി ബാഗ്‌ എന്റെ കയ്യീ തന്നു. ഇറങ്ങാന്‍ നേരത്താ "കര്‍ത്താവെ ... ഇതു ആ വനിതയിലും ഗൃഹലക്ഷ്മീലും ഒക്കെ എഴുതണ പ്രിയ അല്ലെ ... " എന്ന് തോന്നിയത് ......
പിന്നേം ഒരുപാട്‌ നാള്‍ കഴിഞ്ഞ കുഞ്ഞുന്നാള്‍ തൊട്ടേ ഉള്ള അസുഖങ്ങളെക്കുറിച്ചും .... പിന്നെ ..ഒരുപാട്‌ നാള്‍കാത്തിരുന്നു മോനുണ്ടായതിനെക്കുരിച്ച്ചും ഒക്കെ വായിക്കനത് ... . അന്ന് ബസ്സില്‍ ഞാന്‍ എഴുന്നേറ്റുപുള്ളിക്കാരീനെ ഇരുത്തണ്ടാതയിരുന്നൂന്നു ഇപ്പഴും തോന്നുന്നുണ്ട് ..

ഒരു ദിവസം ബസില്‍ ഇരിക്കുമ്പോ ലീല മേനോന്‍ ( പത്രപ്രവര്‍ത്തക ) റോഡിലൂടെ നടന്നു പോണത് കണ്ടു . വലിയ ചുവന്ന പൊട്ടൊക്കെ തൊട്ടോണ്ട്‌ .


ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നാന്‍ സ്കൂളില്‍ പഠിക്കണ സമയത്ത കണ്ടത് , ബസ്സെന്നു ഇറങ്ങി പോണത് ..
നാന്‍ കൂടെ
ഉണ്ടാര്‍ന്ന മമ്മീ നോട്‌ പറഞ്ഞു ..." ദേമ്മേ "ബാലകൃഷന്‍ " ചുള്ളിക്കാട് .. " കക്ഷി തിരിഞ്ഞുനോക്കീപ്പഴാണ് എനിക്ക് സ്പെല്ലിംഗ് മിസ്റെക്‌ മനസ്സിലായത് ..


ബോബ്ബി അച്ഛനെ കണ്ടത് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് . അടുത്തുള്ള പള്ളീല്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ ..
അച്ചന്റെ നിലത്തെഴുത്തും സഞ്ചാരിയുടെ ദൈവവും വായിച്ചിരുന്നു ... കൂടാതെ മനുഷ്യസ്നേഹി യുടെഎഡിറൊരിയല്സും .......

അച്ഛന്റെ ശ്രദ്ധേയം ആയി തോന്നിയ വാചകങ്ങളില്‍ ഒന്നു " കരിമലയുടെയും ശരംകുറ്റിമലയുടെയും ഇടക്കുള്ളപാറക്കെട്ടില്‍ " യേശു ഏക രക്ഷകന്‍ " എന്നെഴുതുന്നവന്‍ എന്ത് സുവിശേഷപ്രഖോഷണം ആണു നടത്തുന്നത് ? എന്നതാണ് ..



എന്റെ അണ്ണാച്ചി സര്‍വകലാശാല പരീക്ഷ നീട്ടി വച്ചു (
നാന്‍ എന്റെ കുറ്റബോധവും ! ) , ആഗസ്റ്റിലെക്ക്
അതോണ്ടാ പിന്നേം ബ്ലോഗാന്‍ വന്നത്..
. ..എന്നെ കമന്റി പ്രോത്സാഹിപ്പിച്ച എല്ലാ ബ്ലോഗ് സഹോദരങ്ങള്‍ക്കും നന്ദി ..( ശ്രീ , ചാളിപടന്‍ , ഉപാസന , വല്യമ്മായി , ജുനൈദ്, മോനു ...) . എന്നെ ഫോളോ ചെയ്യുന്ന ( ഏകാന്തതയുടെ അപാരതീരം ...) ജുനൈദ്നുപ്രത്യേകം നന്ദി ( നീയാണെടാ മകനെ യഥാര്‍ത്ഥ വിശാലമനസ്കന്‍ ! , വെറും പതിനെട്ടു ദിവസം പ്രായമുള്ള ഒരുകടിഞ്ഞൂല്‍ (പൊട്ടി) ബ്ലോഗറെ ഫോളോ ചെയ്യാന്‍ തോന്നിയത് , വിശാല മനസ്കത അല്ലാതെ പിന്നെന്താണ് )

Monday, May 25, 2009

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍...

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പണ്ടേതോസിനിമേല്‍ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട് . ഞാന്‍ ഒരു വയോജന വിദ്യാര്ത്ഥി കൂടി ആണ് കേട്ടോ. ഒരു അണ്ണാച്ചിസര്‍വകലാശാല നടത്തുന്ന വിദൂര പഠന മാര്‍ഗത്തിലൂടെ കമ്പ്യൂട്ടര്‍ അപ്പ്ളിക്കെശനില്‍ മാസ്റ്റര്‍ ബിരുദത്തിനുശ്രമിക്കുന്നു . അങ്കമാലി യില്‍ ആഴ്ചാവസന ക്ലാസും ഉണ്ട് ( അപ്പ -ന്റെ മക്കളുടെ- ചോദിക്കുന്നത് ഡീ നീ അങ്കമാലിലെ അമ്മാവനെ കാണാന്‍ പോണില്ലേ ന്നാ !)
അപ്പൊ പോസ്റ്റി വന്നത് ( മീന്‍ പറഞ്ഞു
വന്നത് ) എന്റെ കുറ്റബോധത്തിന്റെ കാര്യമാണല്ലോ
ഫൈനല്‍ ഇയര്‍ പരീക്ഷയായി.. രണ്ടാം വര്‍ഷത്തെ പോയ വിഷയവും എഴുതാത്ത മറ്റുരണ്ടു വിഷയങ്ങളും പിന്നെയീ വര്ഷത്തെ അഞ്ചു വിഷയങ്ങളും എല്ലാം ...ഓര്‍ക്കുമ്പോ സാമാന്യം നന്നായിത്തന്നെ സംഭവം വരുന്നുണ്ട് ( കുറ്റബോധം ) അതായതു ഇത്രയും പഠിക്കാനുള്ള ഞാന്‍ കുത്തിയിരുന്ന് എന്റെ മണ്ടത്തരങ്ങളും മണ്ടന്‍ ചിന്തകളുംബൂലോകത്തോട് വിളിച്ച്ചുപരയുകയും , പിന്നെ ഇതിലുള്ളവ വായിച്ചും , ഭാവനയില്‍ കണ്ടും ( ഇപ്പൊ അടുക്കളേല്‍കുരുമുളക് പൊടി എടുക്കുമ്പോ കൊച്ച്ച്ചുത്രെസ്സേനെ ഓര്മ്മ വരും , ) പിന്നെ ഓര്ത്തു ചിരിച്ചും സമയം കളയുന്നത്ശരിയാണോ ?

അത് കൊണ്ടു ഞാന്‍ തല്‍കാലം എന്റെ പോസ്റ്റുകള്‍ക്കും ബ്ലോഗ് വായനക്കും എല്ലാം ഒരു സെമി കോളന്‍ ഇടുന്നു , ഇടാന്‍ ശ്രമിക്കുന്നു ആത്മാര്‍ഥമായി !


വാല്‍ക്കഷ്ണം ( ചില പഠന സ്മരണകള്‍ ):
പണ്ടു എന്റെ എളേ അനിയന്‍ ഒമ്പതാം /
അതോ പത്തോ ( ഓര്‍മയില്ല ) ക്ലാസ്സില്‍ പഠിക്കുന്ന സമയം ... അവന്‍ടുഷന്‍ കട്ട് ചെയ്യ്തു ക്രിക്കെറ്റ്‌ കളിയ്ക്കാന്‍ പോയി . വയ്കുന്നേരം ഞാന്‍ ക്ലാസ്സ് കഴിഞ്ഞു വരുമ്പോ .. മമ്മീം എന്റെ മറ്റേസഹോദരനും കൂടി ,അവനെ നല്ല ചീത്തവിളി ( കക്ഷിക്ക് മാര്‍ക്കും വളരെ കുറവായിരുന്നു )
അവന് മമ്മീടെ വക നല്ല തല്ലും കിട്ടി എന്നാണ് എന്റെ ഓര്മ്മ )

എല്ലാം കഴിഞ്ഞപ്പോ ഞാന്‍ സമാധാന ദൂതും ആയി കുട്ടന്റെ ( തല്ലുകൊള്ളി /പഠിക്കാത്തവന്‍ ) അടുത്തെത്തി .
എടാ നിനക്ക് ഇപ്പൊ ഒരു വാശി ഒക്കെ തോന്നുന്നില്ലേ ?
ഇവരെ ഒരു പാഠം പഠിപ്പിക്കണം ... ഇത്രേം വഴക്ക് പറഞ്ഞതല്ലേ ... നന്നായി പഠിച്ചു നല്ല മാര്‍ക്ക്‌ വാങ്ങിഇവരെയൊക്കെ തോപ്പിക്കണം എന്നൊക്കെ തോന്നുന്നില്ലേ എന്ന് ചോദിച്ചു !
ഉടനെ വന്നു അവന്റെ മറുപടി " എനിക്കാരോടും ഒരു വാശീം വ്യ്രഗ്യോം ഇല്ലെടീ!"

*************************

എന്റെ മറ്റേ അനിയന്‍ ഇന്ജിനീരിനു പഠിക്കണ സമയം . അവന്റെ ഒരു തടിയന്‍ ബുക്ക്‌ (ഇല്ലെക്ട്രോനിക്സോ മറ്റോആണ് ) വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു . ഞാന്‍ നോക്കുബോ എന്റെ കെട്ടിയോന്‍ അതെടുത്ത് മറിച്ചുനോക്കിതന്നത്താന്‍ ചിരിക്കുന്നു !
ഞാന്‍ ചോദിച്ചു " എന്തിനാ ചിരിക്കണേ ?"
മറുപടി : "എടീ ഇതൊന്നും എനിക്ക് പഠിക്കണ്ടല്ലോ എന്നോര്‍ത്ത് സന്തോഷം വന്നു ...അതുകൊണ്ട് ചിരിച്ചതാ ..!"



Sunday, May 17, 2009

തിരഞ്ഞെടുപ്പിനു ശേഷം..

" ഒരു സ്ഥാനാര്‍ഥി ( സ്ഥാനത്തിനു വേണ്ടി ആര്‍ത്തി പിടിക്കുന്നവന്‍ ആണോ സ്ഥാനാര്‍ഥി ?) തിരഞ്ഞെടുപ്പിനുശേഷം ബാനറുകള്‍ തോരണങ്ങള്‍ എല്ലാം നീക്കം ചെയ്തു മാതൃക കാട്ടി .... "പത്രവാര്‍ത്ത

പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് കേട്ടിട്ടില്ലേ ? ( ഇതു കക്ഷീടെ കന്നിയങ്കം ആയിരുന്നു !)


കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനു ( എല്ടിഎഫ് തൂത്തുവാരിയ സമയം ) ശേഷം ജയിച്ച പാര്ട്ടിയുടെ ഒരുഅഭ്യുദയകാംഷി ആഹ്ലാദപ്രകടനത്ത്തിനു ചെലവു ചോദിച്ചു വീട്ടില്‍ വന്നു ...പുള്ളിക്കാരന്‍ അപ്പളേഅത്യാവശ്യം " ആഹ്ലാദം" ഒക്കെ ഉള്ളിലാക്കിക്കഴിഞ്ഞിരുന്നു ... ( പണ്ടേ എനിക്കീ ആഹ്ലാദക്കരെ കാണുമ്പോഭയങ്കര ബഹുമാനം ആണ് , പിതാവിന്റെ ആഹ്ലാദ പ്രകടനങ്ങളുടെ നല്ല ബാല്യകാലസ്മരണകള്‍ ഉണ്ടേ ..)

ഞാന്‍ പറഞ്ഞു " ഇലക്ഷന്‍ റിസള്‍ട്ട്‌ അറിഞ്ഞു ആകെപ്പാടെ വിഷമിച്ച്ചിരിക്കുകയ്യാണ് ... അങ്ങിനെ ഉള്ളഞാന്‍ എങ്ങിനെ ആഹ്ലടപ്രകടനത്ത്തിനു രൂപ തരും ? "

പുള്ളിക്കാരന്‍ വന്ന വഴിയേ പോയി .
അമ്മ ( അമ്മായിഅമ്മ ) പറഞ്ഞു " കൊച്ചെ ...അങ്ങിനെ ഒന്നും പറയാന്‍പാടില്ല കേട്ടോ ...... " ....

Thursday, May 14, 2009

ചെച്ചിപ്പെണ്ണ്‍ ( ചെ നീട്ടണം )

ചെച്ചിപ്പെണ്ണ്‍ (ചെ നീട്ടണം , " ചേരയെ " പ്പോലെ ,എന്നെക്കൊണ്ട് പറ്റണില്ല , നാന്‍ പഠിച്ച പണി പതിനെട്ടുംനോക്കി , ഇനി വായിക്കുന്നവര്‍ സ്വന്തമായിട്ട് നീട്ടി വായിക്കു ) എന്നത് എന്റെ അനിയന്‍ എന്നെവിളിച്ചുകൊണ്ടിരുന്ന പേരാണു ....അവന്‍ എല്കെജീലും നാന്‍ യുകെജീലും പടിച്ചോണ്ടിരുന്നപ്പോ ...... പിന്നെവലുതായപ്പോ അവന് എന്നോടുള്ള ബഹുംമാനം കൂടി ... ഡീ
എന്നല്ലാതെ വിളിക്കാറില്ല . ഇളയവന്റെ കാര്യം അതിലും കഷ്ട്ടമാ . അവനാണെങ്കില്‍ ഒരിക്കല്‍ പോലും എന്നെചേച്ചീ ന്നു വിളിച്ച്ചട്ടില്ല.. പണ്ടൊക്കെ അവന്മാര്‍ എന്നോട് എന്തെങ്കിലും ചോദിക്കുമ്പോള്‍ പകരം " ചേച്ച്ച്ചീ " എന്ന് വിളിക്കാന്‍ നാന്‍ ആവശ്യപ്പെടരുണ്ടായിരുന്നു . ഉദാഹരണമായി ആഹാരം കഴിക്കുമ്പോള്‍ " ഡീ ഒരു ഗ്ലാസ്‌വെള്ളം ഇങ്ങെടുത്തെ ..." എന്ന് പറഞ്ഞെന്നിരിക്കട്ടെ . "ചേച്ചീ ദയവായീ ഒരു ഗ്ലാസ്‌ വെള്ളം എടുതുതരമോപ്ലീസ്...." എന്ന് ചോദിക്കടാ , എന്നാല്‍ നാന്‍ വെള്ളം തരാം എന്നാകും നാന്‍ പറയുക .
വെള്ളം കുടി അത്രയ്ക്ക് അത്യാവശ്യമുള്ള സിറ്റുവേഷന്‍ അആനെ അവന് ഗതികെട്ട് ചേച്ചീന്ന് വിളിക്കും .
അപ്പൊ നാന്‍ പറയും " അയ്യോ സോറി മോനേ , എനിക്ക് മനസ്സില്ല .. നീ തന്നെ അങ്ങ് എടുത്തു കുടിച്ച മതി .." എന്ന് ..

മിക്കവാറും ഇടി ഉറപ്പാണ്‌ . അതുകൊണ്ട് നാന്‍ വെള്ളം എടുത്തു കൊടുക്കും .

മമ്മി പറയുന്നതു നീ ആദ്യം ചേച്ചീനെ പോലെ പെരുമാര് , അപ്പൊ അവന്മാര്‍ ചേച്ചീന്ന് വിളിച്ചോളും എന്നാ . മമ്മി പറയുന്നതു കേട്ട തോന്നും അതൊക്കെ നല്ല എളുപ്പമുള്ള പണിയാണെന്ന്!
നാന്‍ എത്ര പ്രാവശ്യം ശ്രമിച്ചിട്ടുണ്ട് സീരിയസ് ആവാനും ഡീസന്റ് ആവാനും ..... ഒരു രക്ഷയുമില്ല !
ഈ ജന്മത്ത് അവന്മാര്‍ എന്നെ ചേച്ചീ ന്നു വിളിക്കുമെന്ന് തോന്നുന്നില്ല !

ഹോസ്റ്റല്‍ ഡെയ്സ് - പരോപകാരമേ പുണ്യം..

ഡിഗ്രീ അവസാനവര്‍ഷം ഭാരതാംബയുടെ നാമത്തിലുള്ള ഒരു കോളേജില്‍ ,  സമീപത്തുള്ള കന്യാസ്ത്രി അമ്മമാര്‍ നടത്തുന്ന ഹോസ്റ്റലില്‍ ജീവിതം. അവസാന നാളുകളില്‍ സുവോളൊജിക്കാര്‍ക്ക് സ്പെസിമെന്‍ കളക്ഷന്‍ , അതായത് ഒരു നിശ്ചിത നമ്പര്‍ ജീവികളെ പിടിച്ചു ഫോര്‍മാലിന്‍ ലായനിയില്‍ ഇട്ടു അവരുടെ എച്ച്ചോടി ക്ക് സമര്‍പ്പിക്കണം. "  അയ്യോ എനിക്ക് സ്പെസിമന്‍തികഞ്ഞിട്ടില്ലേ  " എന്നുള്ള അനുവിന്റെ പതിവു കരച്ചിലും കേട്ടാണ്  അന്ന് രാവിലെയും രാവിലെ ഹോസ്റ്റലില്‍ നിന്നും  ഇറങ്ങിയത് .തിരിച്ചു വരുന്നവഴി നാണിയുടെ മില്‍മയുടെ മുന്‍പില്‍ ഒരു പാമ്പ് മരിച്ചുകിടക്കുന്നു. യീ കാഴ്ച എന്നിലെ പരോപകാരിയെ ഉണര്‍ത്തി . ഞാന്‍ ഉറക്കെ ചിന്തിച്ച്   " രാവിലെ ഒരുത്തി വലിയവായിലെ കരയുന്നത് കേട്ടതാ ... ഇതിനെ കൊണ്ടേകൊടുത്ത അവള്‍ക്ക് തല ( ഹെഡ് ഓഫ് ദി ...) വക അഭിനന്ദനങ്ങള്‍ .  പാമ്പിനെ അങ്ങിനെ സ്പെസിമന്‍ ആക്കാന്‍ കിട്ടില്ലല്ലോ " സൂവോലാജി ലാബിന്റെ മുന്നിലൂടെ നടന്നപ്പോ കുപ്പീ കിടന്ന പാമ്പിനെ കണ്ടതും ആ അവസരത്തില്‍ എനിക്ക് ഓര്‍മ വന്നു .  പാമ്പിനെ സമര്‍പ്പിക്കുന്നത് മുഖേന അവള്‍ വഴി എനിക്ക് കിട്ടാന്‍ പോകുന്ന അഭിനന്ദനങ്ങളും ഞാന്‍  അത്തരുണത്തില്‍ മുന്‍കൂട്ടി കണ്ടു ." എന്നാലും , കൂട്ടുകാരായി ഇത്രേം പേര്‍ ഉണ്ടായിട്ടും എനിക്കൊരു സ്പെസിമെന്‍ഒപ്പിച്ചു തരാന്‍ നീയെ ഉള്ളല്ലോ എന്നൊക്കെ അനു പറഞ്ഞേക്കും എന്ന് കരുതി ഞാന്‍ അഭിമാന പുളകിത ആവാന്‍ തയ്യാറെടുത്ത് . വഴീക്കിടന്ന ശീമാടികവരില്‍ ( കവര്‍ ഫ്രം ശീമാട്ടി ) കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ  സഹായത്താല്‍ ഒരുകോലും കൊണ്ടു പാമ്പിനെ നിക്ഷേപിച്ചു   . ആരൊക്കെയോ എന്നെ ചീത്ത വിളിച്ചു , ഇവള്‍ക്ക് വട്ടാണ് ...
വലിയ പ്രതീക്ഷയോടെ ഹോസ്റ്റലില്‍ ചെന്നു .അഭിമാനത്തോടെ അനുവിന് ശീമാട്ടിക്കവര്‍ നീട്ടി ....

പക്ഷെ ....കണ്ണിച്ചോരയില്ലാതെ അവള്‍ ചോദിച്ചു ....
" ഈ പാമ്പിനെ സ്പെസിമന്‍ ആക്കാന്‍ ഫോര്‍മാലിന്‍ നിന്റെ അപ്പന്‍ കൊണ്ടുവന്നു തരുംമോ ? "

വാല്‍ക്കഷ്ണം : എന്നെ ചീത്ത പറഞ്ഞവളുടെ സഹായത്താല്‍ ഹോസ്റ്റല്‍ പറമ്പില്‍ കുഴി എടുത്തു..
അതിനെ സംസ്കരിച്ചു.ഇവള്‍ ഇതും ഇതില്‍ അപ്പുറോം ചെയ്യും  എന്നാ മുഖഭാവത്തോടെ  വാര്‍ഡന്‍ അമ്മ എന്റെ ചെയ്തികള്‍ നോക്കി നിന്നിരുന്നുവെന്ന്  ദൃക്സാക്ഷികള്‍ പിന്നീട് റിപ്പോര്‍ട ചെയ്ത് .  പറയുമ്പോ എല്ലാം പറയണമല്ലോ അത് സാമാന്യം നല്ല വലിപ്പമുണ്ടായിരുന്ന ഒരു ചേരയോ മറ്റോ ആയിരുന്നു . ഏകദേശം ഒരു ഒന്നോന്നെര കിലോ ഉണ്ടായിരുന്നു. . അനാഥ പെറുക്കി എന്ന എന്റെ നിക്ക് നെയിം ഒന്നോടെ സ്ട്രോങ്ങ്‌ ആയി.സ്പെസിമെന്‍ എന്നുദ്ദേശിച്ചത് ചെറിയ ജീവികള്‍ ആയിരുന്നു ( പല്ലി , വാല്‍മാക്രി ) .ഇതറിയാതെ ആണ് ഭൌതികശാസ്ത്രം പഠിക്കുന്ന (?) ഞാന്‍ പരോപകാരത്തിന് ഒരുങ്ങിയത് !

Wednesday, May 13, 2009

യേശുവും മഹാബലിയും ഫ്രണ്ട്സ് ആയിരുന്നോ ?

എന്റെ പുത്രന്‍ ഉണ്ണിക്കുട്ടന്‍ ചോദിച്ചതാണ് ഈ ചോദ്യം . "യേശുവും മാവേലിയും ഫ്രണ്ട്സ് ആയിരുന്നോ ?". ഒരുഓണനാളില്‍ രാവിലെ കിടന്ങള്‍ക്ക് മാവേലിയുടെ സ്റ്റോറി പറഞ്ഞു കൊടുക്കുകയായിരുന്നു അപ്പ. . മാവേലിനല്ലൊരു രാജവയിരുന്നൂ ,എല്ലാരേം സ്നേഹിച്ചിരുന്നു , എല്ലാരേം സംരക്ഷിച്ചിരുന്നു ...എന്നൊക്കെ കഥ പോയപ്പോ ...
ഉണ്ണി ചോദിച്ചത് ആണിത് " .. ... അപ്പേ , മാവേലീം എല്ലാരേം രക്ഷിച്ചു , യേശും രക്ഷിച്ചു ... അപ്പൊ അവര്‍ഫ്രണ്ട്സ് ആയിരുന്നോല്ല്ലേ ? "

ആയിരുന്നു എന്ന് തന്നെ ഞാന്‍ അവന് ഉറപ്പ് കൊടുത്തു . മനുഷ്യരെ സ്നേഹിക്കുന്നവര്‍ എല്ലാരും ഫ്രണ്ട് ആണ് ...
അതിനപ്പുറമുള്ള നമ്മളുണ്ടാക്കിയ വേലികളും .. മതിലുകളും എല്ലാം കുട്ടികളുടെ മനസ്സിലെങ്കിലും ഇല്ലാതിരിക്കട്ടെ..