Pages

Tuesday, July 26, 2011

ചില അസാധാരണ യാത്രകള്‍ .. സാധാരണം ആകേണ്ടിയിരുന്നത്


ഓര്‍മകളുടെ അങ്ങേ തുമ്പത്ത് മുതല്‍ യാത്രകള്‍ ആണ്   . തൊടുപുഴക്കും അപ്പുറം ഒരു കുഞ്ഞു ഗ്രാമത്തിലെ അമ്മ വീട് . എറണാകുളത്തു നിന്നും അത്ര അടുത്ത് അല്ലാത്ത ഒരു ദ്വീപില്‍ വീട്  . അമ്മയോടും കുഞ്ഞനിയന്‍ മാര്‍ക്കും ഒപ്പം വെളുപ്പിനെയുള്ള തട്ടക്കുഴ എറണാകുളം ഫാസ്ടിലെ യാത്ര  . എറണാകുളം ബോട് ജെട്ടിയില്‍ നിന്നും ഗ്രാമത്തിലേക്ക് ഉള്ള ബോട്ട് യാത്ര , യാത്രയില്‍ കഴിക്കാന്‍ മമ്മി വാങ്ങി തരുന്ന രുചിയുള്ള ക്രാക്ക് ജാക്ക് ബിസ്കറ്റ്  , മില്‍മ പാല്‍ കവറിന്റെ തണുപ്പ് ഇവയൊക്കെ ഒരു നര്സരി / പ്രൈമറി ക്ലാസ് ഓര്‍മകളില്‍ ഉണ്ട് . കുറച്ചൂടി മുതിര്‍ന്നപ്പോള്‍ ചില യാത്രകള്‍ ഒക്കെ തനിച്ചാക്കി തുടങ്ങി . ഒരു ക്ലാസ് മാത്രം ഇളപ്പം ഉള്ള അനിയന്‍ അമ്മവീട്ടിലും ഡാഡി വീട്ടിലും ഒക്കെ തനിച്ച് പോയി തുടങ്ങിയപ്പോള്‍ എനിക്കെന്താ ഒറ്റക്ക് പോയാല്‍ എന്ന ചിന്ത അതേ ഫോര്‍സില്‍ വാക്കുകള്‍ ആയതും  ഒറ്റക്കുള്ള  യാത്രകള്‍ തുടങ്ങിയതും ഒക്കെ .  അമ്മമാര്‍ അന്നും ഇന്നും സമാധാന കംക്ഷികള്‍ ആയിരുന്നുവല്ലോ . വെക്കേഷന്‍ വരുമ്പോള്‍   ( അപ്പോഴേക്കും പാലങ്ങള്‍ വന്നിരുന്നു , പാലങ്ങള്‍ മാത്രമല്ല പാളങ്ങളും ) തട്ടക്കുഴയിലും കൂത്താട്ടുകുളത്ത്തും ഒക്കെയുള്ള   വീടുകളിലേക്ക് തനിച്ച് യാത്രകള്‍ തുടങ്ങി . തിരിച്ചു കസിന്‍ അനിയത്തികളും ആയി വീട്ടിലേക്ക് . അങ്ങിനെ അങ്ങിനെ അങ്ങിനെ  ....

യാത്രകള്‍  എന്നെ ഒരിക്കലും  ,ഒട്ടും തന്നെ മടുപ്പിച്ചിരുന്നില്ല . വൈറ്റിലയില്‍ നിന്നും തൊടുപുഴ ഫാസ്റ്റില്‍ കയറിയാല്‍ മിക്കവാറും വിന്‍ഡോ സീറ്റ് ( അതൊരു വീക്നെസ് ആയിരുന്നു ) ഉറപ്പായിരുന്നു . വഴിയരികിലെ വീടുകള്‍ , അവിടെ വിരിഞ്ഞു നിക്കണ പൂക്കള്‍  , അതിലേതെങ്കിലും എനിക്ക് വീട്ടില്‍ ഉണ്ടോ ,എന്നിങ്ങനെ ഉള്ള ചിന്തകള്‍ ഒക്കെ ആയി എന്റെ മനസ്സും ബസ്സിനെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്നു .  ക്രിസ്മസ് സീസണ്‍ ആണ് എങ്കി  നക്ഷത്രങ്ങള്‍ ഉണ്ടാവും ഓരോ വീടുകളിലും . അവയുടെ ഭംഗി നോക്കിയും രാത്രി എതിനവും കൂടുതല്‍ സൌന്ദര്യം എന്ന് ചിന്തിച്ചും ഒക്കെ അങ്ങിനെ ഇരിക്കും . ഇനി കൂത്താട്ടുകുളം ബസ്സ്‌ ആണെങ്കി കെ എം എസ്
ഒക്കെ വരണേ എന്ന് ആവും ആഗ്രഹം ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോ . ആ സൂപര്‍ ഫാസ്റ്റ് ബസ്സില്‍ മിക്കവാറും പാട്ട് ഒക്കെ വയ്ക്കുമായിരുന്നു  ,അത് കൊണ്ട് ആണ് ട്ടോ .

ഇതൊരു ആമുഖം മാത്രമാണ് . കുറെ നാളുകള്‍ ആയി എഴുതണോ വേണ്ടയോ എന്ന് തിരിച്ചും മറിച്ചും ചിന്തിക്കുന്ന ,എനിക്ക് അത്ര സാധാരണം ആയി തോന്നാഞ്ഞ ചില യാത്രാനുഭങ്ങള്‍ ഒന്ന് കുറിച്ച് വയ്ക്കാന്‍ ഉള്ള ഒരു  മുന്‍‌കൂര്‍ ജാമ്യം . ഞാന്‍ ഇനി എഴുതാന്‍ പോവുന്ന കാര്യങ്ങള്‍ എന്നത്തേയും പോലെ എന്റെ ഓര്‍മ്മ കുറിപ്പുകള്‍ മാത്രം ആണ് . പത്ത് മുപ്പത്തി അഞ്ച് വയസ്സ് പ്രായം  ഉള്ള ഒരമ്മയുടെ ഒരു ഭാര്യയുടെ ഒരു സഹോദരിയുടെ ഒരു സുഹൃത്തിന്റെ അതിലുപരി  ഒരു സ്ത്രീയുടെ ചില അനുഭവങ്ങള്‍  . യാത്രകളുടെ കണക്കെടുത്ത് നോക്കിയാല്‍ വെറും ഒരു ശതമാനം പോലും വരില്ലാത്ത അസുഖകരമായ അനുഭവങ്ങള്‍ . അത് കൊണ്ട് തന്നെ  ആ തൊണ്ണൂറ്റി ഒന്‍പത് ശതമാനം യാത്രകളിലെ സഹ യാത്രികരെ .. ഒരു ശതമാനം യാത്രയിലെ ഒരാള്‍ ഒഴിച്ച് ബാക്കി തൊണ്ണൂറ്റി ഒന്‍പത് ശതമാനം  സഹ യാത്രകരെ ഞാന്‍ നന്ദിയോടെ സ്നേഹത്തൊടെ സ്മരിക്കുന്നു .   ഇനി യാത്രകളിലേക്ക് .

ഒന്നാം യാത്ര .
കാലം : ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നു . ഒരു ഞായര്‍  ഉച്ച കഴിഞ്ഞ് ഹോസ്റെലിലെക്ക് ഉള്ള യാത്ര ആണ് ഇരിക്കുന്നത്  ഏറ്റവും ബാക്കില്‍ ഉള്ള ലേഡീസ് സീറ്റില്‍ . എറണാകുളം പള്ളിമുക്കില്‍ ഇറങ്ങിയിട്ട് ബസ് മാറി കേറണം .  കുറച്ച് അങ്ങ് കഴിഞ്ഞപ്പോഴാണ്  കാല്‍ പാദത്തില്‍ ഒരു വിരല്‍ സ്പര്‍ശം . കാല്‍ മുന്നിലേക്ക്‌ നീട്ടി വച്ച് നോക്കി .ബാക്കില്‍ ഇരിക്കുന്ന വിദ്വാന്‍ ( ആയിരിക്കണം , ഞാന്‍ തിരിഞ്ഞു നോക്കാന്‍ ഒന്നും മെനക്കെട്ടില്ല )  കാല്‍ നീട്ടി വലിച്ച് പിന്നേം സ്പര്‍ശിക്കുന്നുണ്ട് . അദ്യം തോന്നിയ അമ്പരപ്പ് പതുക്കെ കലിപ്പിന് വഴിമാറി . ഞാന്‍ കാല്‍ മുന്നോട്ടു നീക്കി ലവന്‍ പിന്നേം  മുന്നോട്ടു . വണ്ടി രവിപുരത്തെ വളവു വീശി എടുത്തപ്പോള്‍ ഞാന്‍ പെട്ടെന്ന്  കാല്‍ ബാക്കിലേക്ക്‌ വച്ച് എഴുന്നേറ്റു നിന്നു , എന്റെ കണക്കു കൂട്ടല്‍ പോലെ തോണ്ടാന്‍ ഉപയോഗിച്ച് വിരലുകളില്‍ ചിലത് എന്റെ ചെരുപ്പിന്റെ ഉപ്പൂറ്റി ഭാഗത്തെ സോളിന്റെ അടിയില്‍ നിക്ഷേപിക്ക പെട്ടിരുന്നു . രണ്ടു കൈയും മുന്നിലത്തെ സീറ്റിന്റെ  കമ്പിയില്‍ ഉറപ്പിച്ച് ബലം പിടിച്ച് ചവിട്ടി നിന്നു .വിരല്‍ അത്യാവശ്യം ഞെരിഞ്ഞു കാണണം . എനിക്ക് ഇറങ്ങാന്‍ ഉള്ള സ്ഥലം ആയപ്പോള്‍ തിരിഞ്ഞു നോക്കാതെ ഇറങ്ങി പോരുകയും ചെയ്ത് . പിന്നീടൊരിക്കലും യാത്രകളില്‍ ലേഡീസ് സീറ്റിന്റെ അവസാനം ഒഴിഞ്ഞു കിടന്നാലും പോയി ഇരിക്കാറില്ല . ആരെയെങ്കിലും ചവിട്ടേണ്ടി വന്നെങ്കിലോ എന്നോര്‍ത്ത് !



രണ്ടാം യാത്ര

ഈ  യാത്ര ആദ്യത്തെ യാത്രക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .  അദ്ധ്യാപിക ആയി ജോലി നോക്കുന്ന സമയം . അതിനിടെ കൂടെ തന്നെ പഠനവും ഉണ്ടായിരുന്നു . അതിനോടനുബന്ധിച്ച് ഒരു ക്ലാസ്സും കഴിഞ്ഞ് മധ്യ കേരളത്തിലെ ഒരു സര്‍വ കലാ ശാലയിലെ തലങ്ങും വിലങ്ങും ഉള്ള വഴികളില്‍ ഒന്നിലൂടെ ഞാന്‍ നടന്നു പോവുന്നു . പണ്ട്  പൈതഗോറസ്  അപ്പാപ്പന്റെ  തിയറം  ( അത് തന്നെ ആണോ എന്തോ  ..യീ പാദ വര്‍ഗം  പ്ലസ്‌ ലംബ വര്‍ഗം  സമം കര്‍ണാ വര്‍ഗം എന്നോ മറ്റോ ) പഠിച്ചത് കൊണ്ട്  ,മെയിന്‍ റോഡ്‌ സ്കിപ് ചെയ്ത് അത്ര തിരക്കില്ലാത്ത ഇടവഴിയില്‍ ആണ് നടത്തം  .റോഡ്‌ വിജനം ആയിരുന്നു താനും .   അപ്പോഴേക്കും  ഒരു ബൈക്ക് അടുത്ത് കൊണ്ടേ നിര്‍ത്തി    ബൈക്ക് യാത്രികന്‍ ആയ പയ്യന്‍  " പോരുന്നുണ്ടോ ? " എന്നൊരു ചോദ്യം . 
" വേണ്ട മോനെ .. താങ്ക്സ് ,  husband   ദേ  വരുന്നുണ്ട് .  മോന് ... .. സ്കൂളില്‍ ആണോ പഠിച്ചത് ? "  എന്നൊരു മറുപടി കൊടുത്ത് കഴിഞ്ഞാണ് ഞാന്‍ അവന്‍റെ ചോദ്യത്തെ പറ്റി ചിന്തിച്ചത് തന്നെ  !  അങ്ങിനെ ഒരു കുട്ടി ചോദിച്ചപ്പോള്‍ എന്റെ നോര്‍മല്‍ സെന്‍സ് വച്ച് ഞാന്‍ വിചാരിച്ചത്  ആ കുട്ടി ഞാന്‍ പഠിപ്പിച്ച സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ആയിരിക്കണം . ഒരു ടീച്ചര്‍ വഴീ വച്ച് കണ്ടപ്പോ അവന്‍ ലിഫ്റ്റ്‌ ഒഫെര്‍ ചെയ്തത് ആവും എന്നാണ് . എന്റെ മറുപടി കേട്ടു ലവന് ഒരു മിനിട്ട്  ബ്ലുങ്ങസ്യാ  മട്ടില്‍ നിക്കണ കണ്ടപ്പോള്‍ ആണ് എന്നത്തെയും പോലെ എന്റെ തലയിലെ ട്യൂബ് ലൈറ്റ് കത്തിയത് . എന്റെ ഒടേ തമ്പുരാനേ ലിവന്‍ എന്നാ ഓര്‍ത്തും കൊണ്ട് ആവും വരണുണ്ടോ  എന്ന് ചോദിച്ചേ  എന്ന് . അപ്പളേക്കും മൊബൈലില്‍ കണവന്റെ  വിളി വന്ന് . ഞാന്‍ ദേ സെന്റ്‌ ജോസെപ്പിന്റെ  മുന്നില്‍ ഉണ്ട് എന്ന് പറയനെന്നും മുന്നേ പയ്യന്‍ വണ്ടീം കൊണ്ട് സ്കൂട്ട് ആവേം ചെയ്ത് !

മൂന്നാം യാത്ര .
ആലുവ ബൈപാസ് ജങ്ഷനില്‍ നിന്നും ആണ് അങ്കമാലിക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറിയത് .  തിരക്ക് ഉണ്ടായിരുന്നില്ല എങ്കിലും ബാക്കില്‍ സ്ത്രീ കള്‍ക്ക് സംവരണം ചെയ്യപ്പെട്ടു എന്ന് ലേബല്‍ ഉള്ള സീറ്റുകളില്‍ പുരുഷന്മാര്‍ ആയിരുന്നു . അവരെ എണീപ്പിച്ച് അവിടെ ഇരിക്കാന്‍ പൊതുവേ  തുനിയാറില്ല .  ബാക്കിലെ ഡോറിനു നേരെ ഉള്ള സീറ്റില്‍ ഒരു അപ്പൂപ്പനും ഒരു പയ്യനും ഇരിപ്പുണ്ടായിരുന്നു . ഞാന്‍ അവരുടേ കൂടെ ഇരുന്നു .കണ്ടക്ടര്‍ ഇരിക്കാന്‍ ഉള്ള സീറ്റില്‍ ഒരു ചേച്ചി ഇരുന്നിരുന്നു . ഡോര്‍ അടക്കാന്‍ ഉള്ള ഡ്യൂട്ടി അവിടെ ഇരിക്കുന്നവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നതാനല്ലോ . പറവൂര്‍ കവലയിലോ മറ്റോ ബസ്സ്‌ നിര്‍ത്തിയപ്പോഴാണ് എന്റെ തൊട്ടു പുറകിലെ സീറ്റില്‍ ഇരിക്കുന്ന മാന്യന്മാര്‍ ഡോര്‍ അടക്കാനുള്ള ചേച്ചിയെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു " എവിടെ നോക്കി ഇരിക്കുവാ ചേച്ചീ .. ഡോര്‍ അടക്കു എന്നൊക്കെ പറയുന്നുണ്ട് .. കക്കക്ക  " എന്ന് ചിരിക്കുന്നുമുണ്ട് . ഞാന്‍ നോക്കീപ്പം എങ്ങോ പണിക്കു പോണ ചേച്ചി ആണ് . അവന്‍ മാര്‍ ചിരിക്കുമ്പോ  ഒരുമാതിരി ജാള്യം പിടിച്ച മുഖവുമായി കുനിഞ്ഞിരിക്കും . അതിന്‍റെ തൊട്ടു പുറകിലെ സീറ്റില്‍ രണ്ടൂന്ന് പെണ്‍കുട്ടികള്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുപ്പുണ്ടായിരുന്നു . പെട്ടെന്ന് വണ്ടി സഡന്‍ ബ്രേക്ക് ഇട്ടപ്പം ആ കുട്ടികളില്‍ ഒരുത്തി തെറിച്ച് എന്റെ അടുക്കെ വരേം വന്ന് . എന്തോ ഭാഗ്യത്തിന് റോഡിലേക്ക് പോയില്ല എന്ന് മാത്രം . ഇത് കണ്ടിട്ടോ മറ്റോ ബാക്കിലെ മാന്യര്‍ പിന്നേം ചിരിക്കാന്‍ തുടങ്ങി .  ആ ചേച്ചീനെ ഇവര്‍ കളിയാക്കണ കണ്ടപ്പഴേ ലേശം ദേഷ്യം വന്ന് തുടങ്ങിയിരുന്നു എനിക്ക് , മൊട കണ്ടാല്‍ ഇടപെടാന്‍ ഉള്ളൊരു ടെന്റെന്സി കൂടപ്പിറപ്പ് ആണ് താനും  . കണ്ട്രോള്‍ യുവര്‍ സെല്‍ഫ്   എന്നൊക്കെ എന്നോട് തന്നെ പറഞ്ഞു പരമ ശാന്ത ആയി ഇരിക്കുംബഴാണ് പിന്നേം അവരുടേ കളിയാക്കി ചിരി !  അതോടെ  ന്റെ ക്ഷമ പമ്പ കടന്നു  " ലേഡീസ് സീറ്റില്‍ കേറി ഇരിക്കനതും പോരാ .. മര്യാദക്ക് പെരുമാറുക എങ്കിലും ചെയ്തൂടെ  .. " എന്നൊരു ആത്മഗതം അത്ര പതുക്കെ അല്ലാതെ എന്റെ വായില്‍ നിന്നും പുറത്ത് ചാടി . അതോടെ അവര്‍ ചാടി എണീറ്റ്‌ മാറി  .എന്നിട്ട് എന്നോട് ഒരു ചോദ്യം " ഒറ്റ ദിവസം കൊണ്ട് ഇന്ത്യ നന്നാക്കാന്‍ ഇറങ്ങിയെക്കുവാണോ ? " എന്ന് . ഞാന്‍ പിന്നെ ഒന്നും മിണ്ടാന്‍ നിന്നില്ല . അവര്‍ മാറിയ സീറ്റില്‍ പോയി ഇരുന്നു . അപ്പഴേക്കും അത്രേം നേരം നില്‍ക്കുവായിരുന്ന ഒരു കന്യാസ്ത്രി , പിന്നെ വേറെ ഒരു ചേച്ചി ഇവരും എന്റൊപ്പം ഇരുന്നു . കന്യാസ്ത്രി അമ്മ എന്നോട് എവിടെ ജോലി ചെയ്യുന്നു എന്നൊക്കെ ചോദിച്ചു . പെണ്‍കുട്ടികള്‍ ആയാല്‍ ഇത്തിരി ധൈര്യം ഒക്കെ വേണം എന്നൊക്കെ പറഞ്ഞു . പറഞ്ഞു വന്നപ്പം ഞാന്‍ ഡിഗ്രി പഠിച്ചപ്പോള്‍ താമസിച്ച കോളേജ് ഹോസ്ടളിലെ ടെസി കുര്യന്‍ സിസ്ടരെ ഒക്കെ അറിയും ആ അമ്മ . ടെസി കുര്യന്‍ സിസ്റ്റര്‍ നെ എന്റെ അന്വേഷണം അറിയിക്കണം എന്നൊക്കെ പറഞ്ഞു .  അപ്പോഴേക്കും എണീറ്റ ചേട്ടന്‍സ് എന്തൊക്കെയോ ഒച്ച എടുത്തു . യാത്രക്കാര്‍ ആരോ തിരിച്ചു  സംസാരിക്കേം  ചെയ്ത് . അന്നേരം കണ്ടക്ടര്‍ വന്ന് അവരെ
മുന്നിലേക്ക് കൊണ്ടുപോയി  .ഒറ്റ മൂച്ചിന് അങ്ങിനെ പറഞ്ഞെങ്കിലും സത്യത്തില്‍ എനിക്ക് നല്ല പേടി ഉണ്ടാര്‍ന്നു ട്ടോ . അവന്‍ മാര്‍ എന്നോട് മെക്കിട്ടു കേറാന്‍ വരുവോ  എന്നൊക്കെ . വണ്ടി വേഗം ടെല്‍ക് ന്റെ അടുത്ത് എത്തിക്കൂ ഒടേ തമ്പുരാനേ എന്നും പ്രാര്‍ത്ഥിച്ച് കൊണ്ട് ആണ് ഞാന്‍ വണ്ടീല്‍ ഇരുന്നത് . ഇന്‍ കേസ് അവര്‍ ടെല്‍ക് ഇന്റെ അവിടെ ഇറങ്ങാന്‍ ഉള്ള പോസിബിളിട്ടി  ഉണ്ടോ എന്നൊക്കെ ചിന്തിച്ചു പോയി . എന്തായാലും അങ്ങനൊന്നും ഉണ്ടായില്ല താനും .
 
നാലാം യാത്ര
ഇത് കഴിഞ്ഞ വര്‍ഷത്തെ യാത്രയാണ് . കൊച്ചിന്‍ യൂനിവേര്സിടി സ്റ്റോപ്പില്‍ നിന്നാണ് ഞാന്‍ വോള്‍വോയില്‍ കയറിയത് . വീട്ടിലേക്ക് ഉള്ള യാത്രയായിരുന്നു അത് . അന്നൊരു അവധി ദിവസം ആയിരുന്നു ബസ്സില്‍ തിരക്ക് ഉണ്ടായിരുന്നില്ല . നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു താനും . ബൈപാസ് റൂട്ടിലെ വീടുകള്‍ക്ക് ഭംഗി മാത്രല്ല  മതിലിനുള്ളിലും വെളിയിലും നിറയെ പൂച്ചെടികള്‍ ആണ് . ഇതൊക്കെ അങ്ങ് കണ്ടു പാട്ടും  കേട്ടിരുന്നപ്പോഴാണ്  പിന്‍ കഴുത്തില്‍ ഒരു എന്തോ കൊണ്ട പോലെ . ചെറിയ സീറ്റ് ആണ് . ആരേലും കേറി ഇരുന്നപ്പോ അറിയാണ്ട് കൊണ്ടത് ആവും എന്ന് കരുതി മുന്നോട്ട് ആഞ്ഞു ഇരുന്നു . പിന്നെ പുറകില്‍ നിന്നു  ഒരാള്‍ പാട്ട് തുടങ്ങി അത്ര ക്ലീര്‍ അല്ലാത്ത ശബ്ദത്തില്‍    "  കുടമുല്ല പൂവിനും മലയാളി പെണ്ണിനു.. " എനിക്കെന്തോ സ്പെലിംഗ് മിസ്റെക് തോന്നി തുടങ്ങി .  ബസ്സില്‍ വച്ചിരുന്ന പാട്ടുകള്‍  , പൂവ് ചെടികള്‍ ഒക്കെ എന്റെ  തലയില്‍ നിന്നും ഇറങ്ങി പോയി . ആദ്യത്തെ കഴുത്തില്‍ കൊണ്ട കൈ മനപൂര്‍വം തന്നെ ആയിരുന്നു എന്നും മനസ്സിലായി . അതിനിടയില്‍ മൊബൈലില്‍ ഒരു വിളി വന്നത് അറ്റന്‍ഡ് ചെയ്തപ്പോഴാണ്  പിന്നേം കഴുത്തിനു പിറകില്‍ ലാ അമ്മാവന്‍  തോണ്ടിയത് .  ഒന്നും ആലോചിച്ചില്ല     ഫോണ്‍ ഫോട്ടോ എടുക്കാന്‍ എന്ന പോലെ   അയാളുടെ നേരെ നീട്ടി  " ഫേമസ് ആക്കെട്ടെ ?  തൊട്ടടുത്ത്  അരൂര്‍ പോലീസ് സ്റേഷന്‍  ഉണ്ട് , മനോരമ വിഷനും  " എന്നൊരു ചോദ്യവും ചോദിച്ചു .  നല്ല ദേഷ്യത്തില്‍ ആയിരുന്നു ഞാന്‍  . അയാള്‍ പേടിച്ചു കാണണം   വെളിച്ചെണ്ണയും ,  കുളിപ്പിന്നലും രാമ തുളസി   കതിരും ( ഇതെന്റെ ഭീകര വീക്ക് നെസ് ആണ് )  ഒക്കെയുള്ള തൊട്ടു മുന്നിലെ   തലയുടെ ഉടമയില്‍ നിന്നും ഇങ്ങനെ ഒരു നീക്കം അമ്മാവന്‍ ജന്മത്തില്‍ പ്രതീക്ഷിച്ചിട്ട് ഉണ്ടാവില്ല. മലയാളം പാട്ട് ഒക്കെ അങ്ങ് നിന്നു .അയാള്‍ കുടിച്ചിരുന്നു എന്ന് തോന്നുന്നു .  പ്ലീസ് ഡോണ്ട്  ടേക്ക്  മൈ ഫോടോ എന്നയാള്‍ . ഇറ്റ്‌ ഈസ്‌ already  taken  എന്ന് ഞാനും . ബസ്സിലെ ബാല്‍ക്കണിയില്‍ ഇരുന്നവര്‍  പറഞ്ഞു ഇവനെ ഒക്കെ പോലീസ് സ്റെഷനില്‍ ഏല്‍പ്പിക്കണം , ബസ്സ്‌  സ്റേഷന്‍ വരുമ്പോ നിര്‍ത്തണം എന്ന് . കാലൊടിഞ്ഞു വീട്ടില്‍ ഇരിക്കുന്ന മമ്മിയുടെ അടുത്തേക്ക് ഉള്ള യാത്രയില്‍ ആയിരുന്നു ഞാന്‍ ,   എനിക്കെവിടെ പോലീസ് സ്റേഷന്‍ ഇല്‍ കയറാന്‍ നേരം ? വേറെയും വ്യക്തിപരമായ സങ്കടങ്ങള്‍ ആ സമയത്ത് നന്നായി ഉണ്ടായിരുന്നു താനും . അത് കൊണ്ട് തന്നെ ആണ് ഞാന്‍ ഇത്തിരി വൈലന്റ്റ് ആയി പ്രതികരിച്ചതും . ഇറങ്ങാന്‍ നേരം പോലീസ് ഫ്ലയിംഗ് squad ന്റെ വണ്ടി കണ്ടു . അമ്മാവന്റെ അടുത്ത് ചെന്ന്  എന്റെ  അമ്മേടെ പ്രായം ഉള്ള ഒരമ്മ ഉണ്ടാവും തന്റെ വീട്ടില്‍ , എന്റെ പ്രായം ഉള്ള  മക്കളും കാണും തനിക്ക് . അവരെ ഓര്‍ത്താണ് തന്നെ ദേ കാണുന്ന ഫ്ലയിംഗ് squad  നെ എല്പ്പിക്കത്തത് എന്നും പറഞ്ഞു  ഇറങ്ങി നടന്നു . കണ്ണ് നിറഞ്ഞിരുന്നു . അയാളുടെ കൈ കൊണ്ടപ്പോ എന്റെ മാനം പോയല്ലോ എന്നോര്‍ത്ത് അല്ല , അത്രേം പ്രയോള്ള ആ മനുഷ്യനും ഇങ്ങനെ ഒക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തോന്നിയല്ലോ എന്നോര്‍ത്ത് !

അഞ്ചാം  യാത്ര 
എനിക്ക്  ഒരു വാഹനവും ഓടിച്ച് പരിചയം ഇല്ല ,ലൈസന്‍സും  .എഴാം ക്ലാസില്‍ വച്ച് സൈക്കിള്‍ ഓടിച്ച് പഠിച്ചത് അല്ലാതെ . ജോലി കഴിഞ്ഞ് പോകുമ്പോ അത്യാവശ്യം ഷോപ്പിംഗ്‌ ഒക്കെ നടത്തിയിട്ടാണ് എങ്കി ഓട്ടോ പിടിച്ച് പോകും . ഇതിനു മുന്നേ വീടിനടുത്ത് ഉള്ള ഒരു സ്കൂളില്‍ അദ്ധ്യാപിക ആയിരുന്നത് പ്രമാണിച്ച് ലോകല്‍ ആയുള്ള ഓട്ടോക്കാര്‍ ഒക്കെ ഇപ്പഴും ടീച്ചര്‍ എന്നുള്ള ഒരു ചെറിയ ബഹുമാനം തരുന്നുമുണ്ട് .  ചിലരൊക്കെ വീടിനു സമീപം ഒക്കെ ഉള്ളവര്‍ ആണ്   , അങ്ങിനെ ചെറിയ പരിചയവും ഉണ്ട് .
വിചിത്രമായ ഒരനുഭവം ഉണ്ടായത് ഒരേ ഒരു കക്ഷിയില്‍ നിന്നും മാത്രം . വേറൊന്നുമല്ല . വണ്ടി ഇടവഴിയിലേക്ക് തിരിയുമ്പോള്‍ ടിയാന്‍  ഒറ്റ കൈകൊണ്ട് വണ്ടി ഓടിക്കുന്നു ! മറ്റേ കൈ കൊണ്ട് ലയാള്‍ കാല് ചൊറിയുക എങ്ങിനെ എന്തോ ചെയ്യുന്നു ! ( ഹേ നിങ്ങള്‍ എന്തിനാണ് അയാള്‍ ചൊറിയുന്നത്  നോക്കുന്നത് എന്ന് ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നു , കാലം അല്ലാത്ത കാലമല്ലേ ,ഒറ്റക്കുള്ള യാത്രകളില്‍ ഇത്തിരി കൂടുതല്‍  അലേര്‍ട്ട് ആണ് , പ്രത്യേകിച്ച് പരിചയം ഇല്ലാത്ത സാരഥികള്‍ ഓട്ടോ ഓടിക്കുമ്പോ )
ഓടുന്ന വണ്ടിയില്‍ നിന്നു ചാടി പെണ്‍കുട്ടിക്ക് പരിക്ക് പറ്റി തുടങ്ങിയ വാര്‍ത്തകള്‍ ഒന്ന് രണ്ടെണ്ണം ഒക്കെ പത്രത്തില്‍ വായിച്ച് കഴിഞ്ഞാല്‍ നിങ്ങളും കൂടപ്പിറപ്പുകളോട് പറഞ്ഞേക്കും .. ഡീ ഒറ്റക്കാണ് എങ്കി സൂക്ഷിക്കണേ എന്ന്  . പറഞ്ഞ പോലെ യീ കക്ഷി ഏന്തേ ഇങ്ങനെ എന്ന് ചിന്തിച്ചു വന്നപ്പഴേക്കും വണ്ടി വീട്ടില്‍ എത്തി .  പിന്നെ വേറെ ഓട്ടോയില്‍ കയറീപ്പം ഞാന്‍ ചോദിച്ചു . " അതേ  ,  നിങ്ങള്‍ ഒക്കെ ഒറ്റ കൈ കൊണ്ട് വണ്ടി ഓടിക്കോ  ? ഞാന്‍ ഇന്നാള് ഒരു വണ്ടീ കേറീപ്പം ആ ഡ്രൈവര്‍ ഒറ്റ കൈ കൊണ്ട് വണ്ടി ഓടിച്ചു .   അപ്പൊ പരിചയം ഉള്ള ആ ഡ്രൈവര്‍ എന്നോട്  എന്നോട് പറഞ്ഞു  " അങ്ങിനെ പൊതുവേ ആരും ചെയ്യാറില്ല , passenger  ഉള്ളപ്പോ അങ്ങിനെ ചെയ്യുന്നത് ശെരിയല്ല എന്നും പറഞ്ഞു .
അപ്രതീക്ഷിതം ആയി ഒറ്റ കൈ കൊണ്ട് വണ്ടി ഓടിക്കുന്ന മനുഷ്യന്റെ വണ്ടിയില്‍ പിന്നേം കേറേണ്ടി വന്ന്  . വണ്ടി മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞപ്പോള്‍ കക്ഷി ഒറ്റ കൈക്ക് ഓടിക്കാന്‍ തുടങ്ങി
" passenger  ഉള്ളപ്പോ ഒറ്റ കൈ കൊണ്ട്  ഡ്രൈവ് ചെയ്യരുത് എന്ന് തനിക്കു അറിയില്ലേ ? " എന്ന് ചോദിച്ചു . വെടി കൊണ്ട പന്നിയെ പോലെ കക്ഷി രണ്ടു കൈ കൊണ്ടും വളയം പിടിച്ചു .
 " എവിടെ ആണ് ജോലി ചെയ്യുന്നത്   ? "എന്നെന്നോട്   . " അത് താന്‍ അറിയണ്ട കാര്യം അല്ല " എന്ന് ഞാനും  . ദൈവം സഹായിച്ച് ആ അഭ്യാസിയുടെ ഓട്ടോയില്‍  പിന്നീട് കയറിയിട്ടില്ല . 


 സമര്‍പ്പണം  :യാത്രകളില്‍  അപ്രതീക്ഷിതമായി  ശരീരത്തിലേക്ക് ഇഴഞ്ഞു വരുന്ന പഴുതാര കൈയ്യുകളെയും കാലുകളെയും  അവയുടെ ഉടമകളെയും  ഭയക്കാതെ , കണ്ണീരില്ലാതെ , മനസ്സാന്നിധ്യത്തോടെ നേരിട്ട ,പ്രതികരിച്ച  , ഇനിയും പ്രതികരിക്കേണ്ടി വരുന്ന  ഭൂമി മലയാളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും