Pages

Thursday, May 13, 2010

ഒന്നാം പിറന്നാള്‍ , ചേച്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ ക്ക് , പിന്നെ കടിഞ്ഞൂല്‍ പൊട്ടി യുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍ക്കും ...

ഇന്നേക്ക് ഒരു വര്ഷം മുംബ് ...
ഞാന്‍ എനിക്കമ്മയായി  ,അച്ഛനും
 ഇരുപത്തെട്ടിനു കാക്കാതെ
ഞാന്‍ തന്നെ എന്നെ മടിയിലിരുത്തി
മൂന്നു പ്രാവശ്യം പേരു വിളിച്ചു ..
 "ചേച്ചിപ്പെണ്ണ് "
          
                   ഞാന്‍ ബ്ലോഗര്‍ ആയിട്ട് ഇന്ന്  ഒരു വര്ഷം തികയുന്നു . മൈത്രേയി തന്ന പിറന്നാള്‍ സമ്മാനം എന്റെതന്നെ  പേന കടലാസിനോട് പറയാതിരുന്ന  ബ്ലോഗില്‍ ഉണ്ട് . കേരള കൌമുദി ആഴ്ചപതിപ്പില്‍  എന്നെ ആണു പരിചയപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ ആഴ്ച യിലെ ബ്ലോഗുലകത്തില്‍ . (ബ്ലോഗുലകം കൈകാര്യം ചെയ്യുന്നത് മൈത്രേയി എന്ന ശ്രീലത പിള്ള ആണു )

 എന്റെ അനിയന്‍ കുഞ്ഞുന്നാളില്‍  എന്നെ വിളിച്ചിരുന്ന പേര്‍ ആണു എന്റെ ബ്ലോഗ്‌ ജന്മത്തിന് ഞാന്‍ നല്‍കിയത് . എന്റെ അങ്കിള്‍ കുഞ്ഞുന്നാളില്‍ എന്നെ  വിളിച്ചുകൊണ്ടിരുന്ന മോളിക്കുട്ടി എന്ന പേരു ഇമെയില്‍ id  ആക്കി ..  ആ സമയത്ത് അങ്കിളിനു കാന്‍സര്‍ ആയിരുന്നു .. മരിച്ചിട്ട് ആറ് മാസം കഴിഞ്ഞു .എന്റെ മണ്ടത്തരങ്ങള്‍ , എടുത്തു ചാട്ടം , പരിസരബോധം ഇല്ല്ലാത്ത  , പക്വത ഇല്ലാത്ത പെരുമാറ്റം എല്ലാം കാരണം വല്യമ്മച്ചി ഒക്കെ വിളിച്ചിരുന്ന പേര്‍ ആയിരുന്നു കടിഞ്ഞൂപ്പോട്ടി  ..അതില്‍ പരം ഏതു പേര്‍ ആണു എന്റെ ബ്ലോഗിനു ചേരുക എന്ന് തോന്നി അതെ പേരു എന്റെ ബ്ലോഗിന്ന് നല്‍കി .അങ്ങിനെ ഞാന്‍ ബ്ലോഗര്‍  ആയി.
 ഒരു വര്ഷം  മുംബ് ഉള്ള ഒരു മേയ് മാസം പതിമൂന്നിനു ആണു ഞാന്‍  എന്റെ  യീ ബ്ലോഗ്‌ തുടങ്ങുന്നത് .. വായന തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളം ആയി എങ്കിലും . ഗൃഹലക്ഷ്മിയില്‍  നമ്മുടെ വിശാലമനസ്കന്റെ  പെണ്ണുകാണല്‍ വിശേഷങ്ങള്‍ ആണു ആദ്യം വായിച്ചത് . മാതൃഭൂമി ആഴ്ചപതിപ്പിലെ ബ്ലോഗനയും ഒരുപാട്  എഴുത്തുകാരെ  പരിചയപ്പെടുത്തി. കൊച്ചുത്രേസ്സ്യയുടെ ലോകം ഹൃദ്യമായ മറ്റൊരു ലോകം തുറന്നു തന്നു .എന്റെ മോന്‍ ഉണ്ണി ഒരു തിരുവോണ ദിനം ചോദിച്ച ഒരു സംശയം ആണു എന്റെ ആദ്യ പോസ്റ്റ്‌ .എനിക്ക് ആദ്യം കിട്ടിയ കമെന്റ്  നിരക്ഷര്‍ജി  യുടെ വക ആയിരുന്നു .എന്നെ ആദ്യം ഫോളോ ചെയ്തത് ജുനൈദ്  . കമന്റില്‍  മലയാളം എങ്ങിനെ  വരും ഇങ്ങനെയുള്ള എന്റെ സംശയങ്ങള്‍ ജുനന്‍ ആണ് തീര്‍ത്തു തന്നത്  . .ഒരുപാട് നല്ല സൌഹൃദങ്ങള്‍  വായന അനുഭവങ്ങള്‍ ഒക്കെ ബ്ലോഗ്‌ ലോകം തന്നു . അരോചകമായ ഒരു കമെന്റ് പോലും എനിക്ക് കിട്ടിയിട്ടില്ല .ഒറ്റ കമെന്റ് പോലും ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടില്ല .പ്രോത്സാഹനം അല്ലാതെ  നെഗറ്റീവ് ആയി ഒരു approch ആരില്‍നിന്നും എനിക്ക്  കിട്ടിയിട്ടും ഇല്ല .ദൈവത്തിനു നന്ദി ...
പിന്നെ എന്നെ വായിക്കുന്ന എല്ലാര്ക്കും ..

Tuesday, May 4, 2010

ജാക്കി ഒരോര്‍മക്കുറിപ്പ്‌ .. വേദനയോടെ ...

ഞാന്‍ ചെന്നതിന്റെ ആറാം മാസം ആണു അവനെ കൊണ്ട് വന്നത് .. നല്ല മഴയുള്ള ഒരു ജൂണ്‍ മാസത്തില്‍ .ഞങ്ങളുടെ കല്യാണം ഒരു ജനുവരിയില്‍ ആയിരുന്നു. അവന്‍ ജനിച്ചിട്ട്‌ രണ്ട് ആഴ്ച്ചയെ ആയിരുന്നുള്ളു .ഒന്ന് രണ്ട് ദിവസം ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിക്കകത്ത് ആക്കി വീട്ടില്‍ തന്നെ താമസിപ്പിച്ചു .പിന്നെ കൂടില്‍ കമ്പി അഴികള്‍ വച്ചുകെട്ടി അവനെ മാറ്റി താമസിപ്പിച്ചു .ജര്‍മ്മന്‍ ഷെപ്പേര്‍ട്‌ ആയിരുന്നെന്നു ആണു പറഞ്ഞതെങ്കിലും കുത്തിവയ്ക്കുവാന്‍ വന്ന ഡോക്ടര്‍ അവന്‍ ഡോബര്‍ മാന്‍ ഗ്രേറ്റ് ഡേന്‍ ക്രോസ് ആണെന്ന് പ്രഖ്യാപിച്ചു . ആദ്യം ഒക്കെ ഡോഗ് ബിസ്കറ്റും പാലും ഒക്കെ ഞങ്ങള്‍ അവനു വാങ്ങി കൊടുത്തു . ആയിടെ എന്റെ അനിയന്‍ എന്നെ കാണാന്‍  വരുബോള്‍ രണ്ട് മില്കി ബാര്‍ ആയിരുന്നു കൊണ്ട് വരിക . ഒന്ന് ഗേറ്റിന്റെ അടുക്കെ വച്ചു ജാക്കിക്ക് കൊടുക്കും , അടുത്തത് എനിക്കും . കുഞ്ഞുന്നാളില്‍ ചോക്ലേറ്റ് കൊടുത്തതിന്റെ സ്നേഹം ജാക്കിക്ക് മരണം വരെ ഉണ്ടായിരുന്നു അവനോട്.
പെട്ടെന്നായിരുന്നു അവന്‍ വളര്‍ന്നത്. രണ്ടു കാലില്‍ പൊങ്ങിയാല്‍ ഏകദേശം ആറടിയോളം.ഗേറ്റിന്റെ അടുത്ത് തന്നെ ആയിരുന്നു അവന്റെ കൂട് . . 
അവന്‍ കൂട്ടില്‍ ആണെങ്കില്‍ പോലും വരുന്നവര്‍ ഗേറ്റ് കടന്നു അകത്ത് കേറാന്‍ ഭയക്കുമായിരുന്നു . തേങ്ങ ഇടാന്‍ വരണ ചേട്ടന്‍ , ഭിക്ഷക്കാര്‍ , തുടങ്ങി നീറ്റ് അല്ലാതെ ഡ്രസ്സ്‌ ചെയ്യുന്നവരെ കണ്ടാല്‍ അവന്‍ നിര്‍ത്താതെ കുരക്കുമായിരുന്നു . അതേസമയം വൃത്തിയായി നടക്കുന്നവര്‍ ,ഫാമിലി ഫ്രണ്ട്സ് , ബന്ധുക്കള്‍ ഒക്കെ വന്നാല്‍ അവന്‍ മൈന്‍ഡ് ചെയ്യാതെ കിടക്കുകയും ചെയ്യും.
ആദ്യകാലങ്ങളില്‍  അതായത് ഒന്‍പത് വര്ഷം മുംബ്  അവനെ ഞങ്ങള്‍  രാത്രികാലങ്ങളില്‍ അഴിച്ചു വിടുമായിരുന്നു . ടെറസിലെ വിറകു , പോര്‍ച്ചില്‍ കൊണ്ടിടുക , ചെരിപ്പുകള്‍ അവിടേം ഇവിടേം കൊണ്ടിടുക , ഉണങ്ങാന്‍ ഇടുന്ന തുണികള്‍ കടിച്ചുകീറുക, തേങ്ങ പൊതിക്കാന്‍ ശ്രമിക്കുക  തുടങ്ങിയ കലാപരിപാടികള്‍ ആദ്യമൊക്കെ എല്ലാര്ക്കും തമാശ ആയിരുന്നെകിലും പിന്നീട് അവനെ ഫുള്‍ ടൈം കൂട്ടില്‍ തന്നെ ഇടാന്‍ അതൊരു കാരണമായി.
മാത്രമല്ല എന്റെ ഉണ്ണിയും മോനുവും അന്ന് ചെറുതായിരുന്നു. കുട്ടികള്‍ ഓടിയും മുട്ട് കുത്തിയും ഒക്കെ നടക്കാനുള്ള മുറ്റവും പോര്ച്ചും ഒക്കെ അവന്‍ വൃത്തികേടാക്കാതെ ഇരിക്കട്ടെ എന്നൊരു സ്വാര്‍ത്ഥതയും അവനു പരോള്‍ കിട്ടാതിരിക്കാന്‍ കാരണമായി .

           ഉണ്ണിയെ അവനു ഒത്തിരി ഇഷ്ടമായിരുന്നു . ഉണ്ണിയുടെ കരച്ചില്‍ കേട്ടാല്‍ അവന്‍ നിര്‍ത്താതെ കുരക്കുമായിരുന്നു . എന്റെ മറ്റേ പോസ്റ്റില്‍ പറഞ്ഞ പോലെ എന്റെ ഉണ്ണി അവന്‍ കഴിക്കുന്നത് എന്തും ജാക്കിക്ക് കൊടുക്കുമായിരുന്നു . ചീറ്റൊസ് , കുര്കുരെ  ( കുര്കുരെ കണ്ടാല്‍ കൊതി മൂത്ത് അവന്റെ വായില്‍ നിന്നും വെള്ളം വരുമായിരുന്നു ) തുടങ്ങി മുന്തിരിങ്ങ വരെ ഉണ്ണി ജാക്കിയും ആയി ഷെയര്‍ ചെയ്ത് കഴിക്കുമായിരുന്നു.
ഞങ്ങള്‍ എവിടെ യെങ്കിലും പോയി വരുമ്പോ കുട്ടികള്‍ക്ക് എന്തേലും കൊടുക്കുന്നത് കണ്ടാല്‍ അവനു കുശുംബ് ഇളകും , കഴിക്കുന്ന പാത്രം വലിച്ചെറിഞ്ഞു അവന്‍ അത് പ്രകടിപ്പിക്കുകയും ചെയ്യും. ഒരു ദിവസം ജോലിയും കഴിഞ്ഞു വരുമ്പോ എന്റെ കൈയില്‍ ഞാലിപ്പൂവന്‍ പഴം ഉണ്ടായിരുന്നു .പിറ്റേന്നത്തെ പുട്ടിനു വേണ്ടി വാങ്ങിയതാണ് . കവര്‍ കണ്ടപ്പോ അവന്‍ ബഹളം തുടങ്ങി , എന്നാല്‍ തിന്നോടാ എന്നും പറഞ്ഞു ഞാന്‍ ഒരു പഴം തൊലി കളഞ്ഞു അവനു കൊടുത്തു , അവന്‍ കൂള്‍ ആയി അത് തിന്നു .. ചക്കപ്പഴം ,പേരക്ക , ഒക്കെ അവനു ഇഷ്ടമായിരുന്നു . എനിക്ക് തോന്നുന്നു അവന്‍ ഒര്തോണ്ടിരുന്നത് ഞാന്‍ അവന്‍റെ അമ്മ ആണെന്ന്‍ ആവണം . അതുകൊണ്ട് ആവണം അവന്മാര്‍ക്ക് കൊടുക്കനെനും മുംബ് അമ്മക്ക് എനിക്ക് തന്നാല്‍ എന്താ എന്ന മട്ടില്‍ അവന്‍ കുറുംബ് എടുത്തിരുന്നത്

രണ്ട് വര്ഷം മുംബ് ആണു അവന്റെ കാല്‍ വിരല്‍ പഴുത്തത് . ആര്യവേപ്പിലയും മഞ്ഞളും തിളപ്പിച്ച വെള്ളത്തില്‍ കാല്‍ മുക്കി വായ്ക്കാന്‍ അവനു മടി ആയിരുന്നു , തലയില്‍ തലോടി , കഥകള്‍ ഒക്കെ പറഞ്ഞു കൊടുത്ത്  അവനെ പാട്ടിലാക്കി .  വേദന മാറുന്നുണ്ട്  എന്ന് മനസ്സിലാക്കിയതോടെ അവന്‍ ശാന്തനായി ചൂട് ഉണ്ടായിരുന്നിട്ടും കാല്‍ മുക്കി തരികയും മരുന്ന് സ്പ്രേ ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു . അന്ടിബയോടിക് കൊടുക്കുകയും ചെയ്തു .എന്തായാലും  അത് രണ്ടാഴ്ച കൊണ്ട് ഉണങ്ങി .

അവനെ ഞാന്‍ ഷേക്ക്‌ ഹാന്‍ഡ്‌ തരാന്‍ പഠിപ്പിച്ചിരുന്നു . രാവിലെ മിറ്റം അടിക്കുന്ന നേരത്ത്  , ചെടി നനക്കുന്ന നേരത്ത് ഒക്കെ അവനു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കേണം എന്നായിരുന്നു അവന്‍റെ അലിഖിത നിയമം ,ഞാന്‍ ചൂല്‍ കൊണ്ട് വരണ കാണുംപോഴേ അവന്‍ കൈ എടുത്ത് വീശാന്‍ തുടങ്ങും . അല്ലെങ്കില്‍ ഞാന്‍ കുനിഞ്ഞു നിന്നു മിറ്റം അടിക്കുമ്പോള്‍ അവന്‍ പുറത്ത് തോണ്ടും . രണ്ടു കൈയും മാറി മാറി അവന്‍ എന്റെ കൈയ്യില്‍ വച്ചുതരും . പോട്ടെടാ പണി ഒക്കെ ഒതുക്കി  എനിക്ക് ജോലിക്ക് പോകേണ്ടത് അല്ലെ ? നീ ഇങ്ങനെ അവന്‍മാരെകാളും കഷ്ടം ആയാല്‍ എങ്ങിനെയാ  ?എന്നൊക്കെ ചോദിച്ചു ഞാന്‍ അവന്‍റെ  അടുത്ത്നിന്നും  പോരും .ആഹാരം കൊണ്ട് അമ്മ ചെല്ലുമ്പോഴും അമ്മ അടുത്ത് നിന്നും മാറാതെ ഇരിക്കാന്‍ അവന്‍ പാത്രം കൊണ്ടേ മൂലയില്‍ വയ്ക്കുമായിരുന്നു.

 ഈ ജനുവരിയില്‍  ആദ്യത്തെ ആഴ്ച ആണു അവന്‍റെ ചെവിയില്‍ പഴുപ്പ് കണ്ടത്. ഒരു വെള്ളിയാഴ്ച , ഞാന്‍ മരുന്ന് സ്പ്രേ ചെയ്തു . ആന്റി ബിഒടിച്സ് ഗുളിക ഉണ്ടായിരുന്നത് ഒരെണ്ണം കൊടുത്തു . പക്ഷെ പിറ്റേന്ന് എന്റെ ഡാഡി ക്ക് സുഖം ഇല്ലാതെ icu  വില്‍ ആക്കിയതിനാല്‍ ഞാന്‍ വീട്ടിലേക്കു പോയി. പിന്നെ വന്നപ്പോഴേക്കും ചെവി വല്ലെതെ പഴുത്തിരുന്നു .. തിരക്കായതിനാല്‍ ഗുളിക കൊടുക്കുന്ന കാര്യം അമ്മയെ (അമ്മായി ) യോ കണവനെയോ ഏല്പിക്കാന്‍ മറന്നു പോയി .. ഡാഡി യുടെ അവസ്ഥ മോശമായിരുന്നു , വെന്റിലടരില്‍ ആയിരുന്നു. തിരികെ വന്ന അന്ന്  രാത്രി അവന്‍റെ ചെവി ഡ്രസ്സ്‌ ചെയ്തു കൊണ്ട് പ്രാര്‍ത്ഥിച്ചു  ഏന്റെ കര്‍ത്താവെ ഇവനെ ഞാന്‍ പറ്റാവുന്നത് പോലെ നോക്കികോളം , നീ എന്റെ ഡാഡിയെ കാത്തോള്‍നെ എന്ന് .പുള്ളിക്കാരന്‍ അത് അഹങ്കാരമായി തോന്നിക്കാനുമോ ആവോ ... എനിക്കറിയില്ല .എന്തായാലും പിറ്റേ ആഴ്ച ഒരു ലേഡി ഡോക്ടറെ കൊണ്ടുവന്നു . പുള്ളിക്കാരി ഇന്‍ജെക്ഷന്‍ ഒക്കെ കൊടുത്തു , കടവന്ത്രയില്‍ ആയിരുന്നു അവരുടെ  വീട് .. വരാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ ഞാനും എന്റെ കണവനും കൂടെ രണ്ടു നേരവും തൊലിപ്പുറത്തും , മസിലിലും ഒക്കെ ഇന്ജുക്ഷന്‍ എടുത്ത് ആ മിണ്ടാപ്രാണിയെ വേദനിപ്പിച്ചു . പയ്യെ പയ്യെ അവന്‍ ആഹാരം കഴിക്കതിരുന്നു തുടങ്ങി . വയറ്റില്‍ നിന്നും പോകുനതിനു ഒരു ബ്ലാക്ക് കളര്‍ , പിന്നെ വല്ലാത്ത സ്മെല്ലും .ഇതൊക്കെ ഞാന്‍ ആ പെണ്ണുംപിള്ളയെ (ക്ഷമിക്കൂ പ്രിയപ്പെട്ടവരേ  , എനിക്കിപ്പോഴും അവരോട് ദേഷ്യമാണ് , ) വിളിച്ചു പറഞ്ഞിരുന്നു . എന്നിട്ടും അവര്‍ വേറെ മരുന്ന് ഒന്നും തന്നില്ല .
  അന്ന്  ജനുവരി   മാസം മുപ്പത്തി ഒന്ന്  ഞായറാഴ്ച ആയിരുന്നു . എന്തുകൊണ്ടോ അന്ന് പള്ളിയില്‍ പോയില്ല . രാവിലെ ചെന്ന് നോക്കിയപ്പോ അവന്‍ വോമിറ്റ് ചെയ്തിരിക്കുന്നു . നടക്കാനും  ബുദ്ധിമുട്ടായിരുന്നു  ,ഞാന്‍ അപ്പഴേ അവരെ വിളിച്ചു , ഓ  അതിനിനി ഇന്‍ജക്ഷന്‍ ഒന്നും കൊടുക്കണ്ട ,പാറോ വൈറസിന്റെ അസുഖം ആണു , ചത്ത്‌ പോകും എന്ന് വളരെ കൂള്‍ ആയി ആ ഡോക്ടര്‍അമ്മ പറഞ്ഞു ... ഞാന്‍ ആണേ കിടന്നു കരയാന്‍ തുടങ്ങി . അതിനിടെ ഡോക്ടറേം , ആന്റി ഇന്‍ജക്ഷന്‍ റഗുലര്‍ ആയി നീ എടുപ്പിക്കഞ്ഞിട്ടല്ലേ  അവനു അസുഖം വന്നത്  എന്ന് ചോദിച്ചു കേട്യോനേം ചീത്ത വിളിക്കുന്നുമുണ്ട് . പുള്ളിക്കാരനും വിഷമമായി . കുറച്ചു നേരം ഞാന്‍ ജാക്കീടെ  അടുക്കെ പോയി ഇരുന്നു . അവനു തീരെ വയ്യായിരുന്നു.വളരെ ദയനീയം ആയി അവന്‍ എന്നെ നോക്കി . നമ്മള് ഒക്കെ എത്ര നിസ്സഹായര്‍ ആണു അല്ലെ ? പിന്നെ ഞാന്‍ വേറെ ഒരു ഡോക്ടര്‍ടെ നമ്പര്‍ തപ്പി എടുത്ത് പുള്ളിക്കാരന്‍ ഡ്രിപ് ഒക്കെ വാങ്ങി വന്നു . പക്ഷെ അപ്പോഴേക്കും അവന്‍ കൂട്ടില്‍ മരിച്ചു കിടന്നിരുന്നു .... ദൈവമേ  അവന്‍ ഓര്‍ത്തു കാണുമോ  "അമ്മ " എന്റെ അടുത്ത്  വന്നു ഇരിക്കുന്നില്ലല്ലോ എന്നൊക്കെ   .. മരിക്കാന്‍ നേരം അവന്‍ എന്താവും ചിന്തിച്ചിരിക്കുക  ? എനിക്കറിയില്ല  ..
രോഹന്‍ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു . (പിന്നീട് അവന്‍റെ അമ്മ പറഞ്ഞു  അവന്‍ പറഞ്ഞു ഞാന്‍ രോഹനെ ആശ്വസിപ്പിച്ചു എന്ന് ) . ഉണ്ണി ക്ക് പതിവുപോലെ സംശയങ്ങള്‍ ആയിരുന്നു . ജാക്കി ഹിന്ദു ആണോ ക്രിസ്ത്യന്‍ ആണോ ? ഹിന്ദു ആണെങ്കില്‍ കത്തിക്കണ്ടേ ? കത്തിച്ച അവനു പോള്ളൂല്ലേ എന്ന് തുടങ്ങി ..കുറച്ചു നാള്‍ മുംബ് അമ്മെ  ജാക്കിക്ക് അവന്‍റെ അമ്മെ കാണാന്‍ കൊതി ഉണ്ടാവില്ലേ , നമുക്ക് അവനെ അവന്‍റെ അമ്മേടെ അടുത്ത് കൊണ്ടോയി വിട്ടാലോ എന്ന് ചോദിച്ച പാര്‍ടിയാണ് !
പിന്നെ ഒരു അണ്ണാച്ചിയെ വിളിച്ചു അവന്‍റെ കൂടിന്റെ അരികില്‍  തന്നെ കുഴി എടുത്തു. അവനെ ചങ്ങലയോടെ തന്നെകുഴിയില്‍  വച്ചു  അയാള്‍ പറഞ്ഞ തു അനുസരിച് ഒരു വെള്ള തുണി എടുത്ത് അവനെ പുതപ്പിച്ചു . അണ്ണാച്ചി പിന്നെ ഒരു ഗ്ലാസ്‌ പാല്‍ ആവശ്യപ്പെട്ടു . (പാല്‍ പട്ടിക്ക് ഇഷ്ടമല്ലേ എന്നയാള്‍ പറഞ്ഞു ) പാല്‍ അയാള്‍ അവനു ചുറ്റും ഒഴിച്ചു. എന്റെ റോസയിലെ , ജെര്‍ബരയിലെ , പൂക്കള്‍ ഒക്കെ ഞങ്ങള്‍ അവന്‍റെ മേല്‍ ഇട്ടു . എട്ടെര വര്ഷം അവന്‍ ഞങ്ങള്‍ക്കൊപ്പം , ഞങ്ങള്‍ടെ കൂടെ ഉണ്ടായിരുന്നു  ... അമ്മ കരഞ്ഞു .... അവന്റെം  കണ്ണ് നിറഞ്ഞിരുന്നു   .. എന്താണെന്നറിയില്ല  ജാക്കി പോയി കഴിഞ്ഞു എനിക്ക് കരച്ചില്‍ വന്നില്ല  .. അതിനു മുംബ് കരഞ്ഞെങ്കിലും . പക്ഷെ  ... പക്ഷെ പിറ്റേദിവസം മുതല്‍ രാവിലെ മുറ്റമടിക്കാന്‍  ,ചെടി നനക്കാന്‍ ഇറങ്ങിയപ്പോള്‍ അവന്‍റെ കൂടിന്റെ അടുത്ത് എത്തുമ്പോള്‍ എന്റെ കണ്ണ് നിറയുമായിരുന്നു  ...
ഇപ്പോള്‍ ഇത് എഴുതുമ്പോഴും ...

ജാക്കിയുടെ മരണത്തിനു രണ്ടു മൂന്നു മാസം മുംബ് ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു . രാവിലെ എഴുന്നേറ്റു ചെല്ലുമ്പോള്‍ കൂട്ടില്‍ അവന്‍ മരിച്ചു കിടക്കുന്നതായി ..അമ്മയോട് ഞാന്‍ പറയുകയും ചെയ്തു ..അമ്മെ ഞാന്‍ ഇന്നലെ ഇങ്ങനെ സ്വപ്നം കണ്ടു എന്ന് ..
മുമ്പേ നടക്കുന്ന സ്വപ്നങ്ങളുടെ ലിസ്ടിലെക്ക് ഒരു ദുസ്വപ്നം കൂടി.. ബ്ലോഗര്‍ കാട്ടിപ്പരുത്തിയോടു ഞാന്‍ ഞാന്‍ ഈ സ്വപ്നത്തിന്റെ കാര്യം പറഞ്ഞിരുന്നു , ഒരിക്കല്‍ ..