എന്റെ ഓര്‍മ്മയില്‍ ഉള്ള ഏറ്റവും പഴക്കമുള്ള കഥ ആണ് ഇത് . വര്‍ഷങ്ങള്‍ കഴിയവേ കഥാപാത്രങ്ങളില്‍ ചിലര്‍ ഓര്‍മ്മയില്‍ നിന്നും ഇറങ്ങിപ്പോയ ഒരു കഥ . കുഞ്ഞുന്നാളില്‍ അമ്മ ( മമ്മിയുടെ അമ്മ ) പറഞ്ഞു തന്ന കഥകളില്‍ ഒന്ന് . ഒരുപ്പാട് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ഒരു അമ്മ ആയി ,എന്റെ കുഞ്ഞന്മാര്‍ക്ക് കഥ കേട്ടുറങ്ങാന്‍ വലിയ ഇഷ്ടം , അങ്ങിനെ ആണ് ഈ കഥ ഒന്ന് മുഴുവന്‍ ആയി എവിടെ നിന്നു എങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ചത് . വല്യമ്മയുടെ മോളുടെ കല്യാണത്തിനു നാട്ടില്‍ കൂടിയ ഒരു രാത്രി മമ്മീടെ കസിന്‍ ചേച്ചി ആണ് ഈ കഥ മുഴുവന്‍ ആയും പറഞ്ഞു തന്നത് . കഥാപാത്രങ്ങളെ മുഴുവനും കോര്‍ത്തിണക്കി രസകരമായി ഇടുക്കീലമ്മച്ചി ആ കഥ എനിക്ക് പറഞ്ഞു തന്നു .
മൂന്നാല് വര്‍ഷം മുന്നേ സ്കൂളില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു ദിവസം പ്രൈമറി സെക്ഷനിലെ ഒരു ടീച്ചര്‍ കൊച്ചിനു കിട്ടിയ അര്രെന്ജ് മെന്റില്‍ ഒന്ന് ചോദിച്ച് വാങ്ങി ആണ് ഒന്നാം ക്ലാസില്‍ പോയത് . പ്രൈമറിയില്‍ എനിക്ക് ക്ലാസ് എടുക്കേണ്ടി ഇരുന്നില്ല , അത് കൊണ്ട് ഒന്നാം ക്ലാസില്‍ പോയിരുന്നുമില്ല , അത് കൊണ്ട് വല്യ കൌതുകം ആയിരുന്നു എനിക്കൊന്നാം ക്ലാസില്‍ ഒന്ന് പോവാന്‍ ! , ക്ലാസില്‍ ചെന്ന് പിള്ളേരെ പരിചയപ്പെട്ടു ഒക്കെ കഴിഞ്ഞ് അവരോടു തന്നെ ചോദിച്ച് ഇങ്ങനെ ഫ്രീ പിരിദ് വേറെ ടീച്ചര്‍ മാര്‍ വരുമ്പോ എന്ത് ചെയ്യും ന്നു ? ഉടന്‍ തന്നെ കോറസ് ആയി കുട്ടികള്‍ പറഞ്ഞു മ്യൂസിക് മാഡം വന്നാല്‍ ഞങ്ങക്ക് കഥ പറഞ്ഞു തരും , മാഡവും ഞങ്ങക്ക് കഥ പറഞ്ഞു തരോ ന്നു .
അങ്ങിനെ ഞാന്‍ അവര്‍ക്ക് ഈ കഥ പറഞ്ഞു കൊടുത്തു , അല്ല കഥയില്‍ അവരും എന്നോടൊപ്പം കൂടി , കഥ പറയാന്‍ അവര്‍ക്കും ഉത്സാഹം ആയിരുന്നു . പറഞ്ഞു ബെല്‍ അടിച്ച്ച്ചപ്പം കുട്ടികള്‍ പറയുവാന് , പോണ്ട മാഡം ഈ പിരിഡും ഞങ്ങള്‍ക്ക് ഫ്രീ ആണ് , വേറെ കഥ പറഞ്ഞു തരൂ ന്നു , എനിക്ക് ക്ലാസ് ഉണ്ട് ന്നും പറഞ്ഞു ഞാന്‍ അവിടെ നിന്നും പോന്നു . കുഞ്ഞ് കുട്ടികള്‍ക്ക് ഒപ്പം ആവുന്നത് എത്ര മനോഹരമായ അനുഭവം ആണ് !
പ്ലാംപൊത്തില്‍ മുട്ട ഇട്ട പ്രാവിന്റെ കഥ ആണ് ഇത് . ഒരു പ്രാവ് പ്ലാവിന്റെ പൊത്തില്‍ മുട്ട ഇട്ടു , അതുരുണ്ട് ആ പൊത്തിന്റെ ഉള്ളിലേക്ക് പോയി . ഒരു അമ്മച്ചീടെ പ്ലാവ് ആയിരുന്നു അത് . പ്രാവ് നേരെ അമ്മച്ചിയോട് പോയി ചോദിച്ചു . പ്ലാവും പൊത്തില്‍ പോയ മുട്ട ഒന്ന് എടുത്ത് തരാവോ എന്ന് . എനിക്കെങ്ങും നേരമില്ലെന്നായി അമ്മച്ചി . പ്രാവിന് ആകപ്പാടെ വിഷമമായി .അത് ഒരു പന്നിയെ കണ്ടു . പന്നിയോടു ചോദിച്ചു ."പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ ഒക്കെ കുത്തി കളയാമോ പന്നീ എന്ന് ചോദിച്ചു . എനിക്ക് വയ്യ ന്നു മടിയന്‍ പന്നി അലസമായി മറുപടി പറഞ്ഞു . അപ്പോള്‍ ആണ് പ്രാവ് ഒരു തോക്കിനെ കാണുന്നത് . "പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ ഒക്കെ കുത്തി കളയാത്ത പന്നിയെ ഒന്ന് വെടിവെക്കാവോ തോക്കെ ? " എന്ന് ചോദിച്ചു . തോക്കിനും സമയമില്ലായിരുന്നു പാവം പ്രാവിനെ സഹായിക്കാന്‍ , അപ്പോള്‍ ആ വഴി ഒരു എലി വന്ന് . എലിയെങ്കിലും സഹായിക്കും എന്ന് കരുതി പ്രാവ് എലിയോടു ചോദിച്ചു . " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാമോ എലിയെ ? " എന്ന് ചോദിച്ചു . എലിയും പറ്റൂല എന്ന് മറുപടി പറഞ്ഞു .പ്രാവ് അങ്ങിനെ വിഷമിച്ചു നില്‍ക്കുമ്പോള്‍ ഒരു പൂച്ചയെ കണ്ടു . പൂച്ചയുടെ അടുത്ത് ചെന്ന് " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ ഒന്ന് പേടിപ്പിക്കാമോ പൂച്ചേ ? " ന്നു ചോദിച്ചു . പൂച്ചക്കും തീരെ സൗകര്യം ഉണ്ടായിരുന്നില്ല പ്രാവിനെ സഹായിക്കാന്‍ .അപ്പോഴാണ് ഒരു പട്ടി ആ വഴി വന്നത് . " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ പേടിപ്പിക്കാത്ത പൂച്ചയെ ഒന്ന് ഓടിച്ചിട്ടു കടിക്കാമോ പട്ടീ ? " എന്ന് ചോദിച്ചു . പട്ടിക്കും പ്രാവിനെ സഹായിക്കാന്‍ ഉള്ള മനസ്സ് ഉണ്ടായിരുന്നില്ല . അപ്പോള്‍ അതിലെ ഒരു താടിക്കാരന്‍ അപൂപ്പന്‍ വന്ന് വടി ഒക്കെ കുത്തി പിടിച്ച് . അപ്പൂപ്പനോടു പ്രാവ് ചോദിച്ചു . " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ പേടിപ്പിക്കാത്ത പൂച്ചയെ ഒന്ന് ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ ആ വടീം കൊണ്ട് ഒന്ന് അടിക്കാവോ അപ്പൂപ്പാ ? " എന്ന് .
അപ്പൂപ്പനും സഹായിച്ചില്ല . അപ്പോള്‍ അവിടെ തീ കണ്ടു . തീയോടു പ്രാവ് ചോദിച്ചു . " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ പേടിപ്പിക്കാത്ത പൂച്ചയെ ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ ആ വടീം കൊണ്ട് അടിക്കാത്ത അപ്പൂപ്പന്റെ താടിക്ക് പിടിക്കാവോ തീയെ ? " എന്ന് ചോദിച്ചു . തീയും സഹായിച്ചില്ല . അപ്പോള്‍ അവിടെ വെള്ളം കണ്ടു . വെള്ളത്തിനോടും പ്രാവ് സഹായം തേടി . " പ്ലാവുംപൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ പേടിപ്പിക്കാത്ത പൂച്ചയെ ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ ആ വടീം കൊണ്ട് ഒ അടിക്കാത്ത അപ്പൂപ്പന്റെ താടിക്ക് പിടിക്കാത്ത തീ ഒന്ന് കെടുത്താമോ വെള്ളമേ ? " എന്ന് . വെള്ളം തീ കെടുത്താന്‍ വിസമ്മതിച്ചു . പ്രാവിന് സങ്കടം ആയി തുടങ്ങി . അതിലെ അപ്പോഴാണ് ഒരു ആന വന്നത് .ആനയോട് ചോദിച്ചു . " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ പേടിപ്പിക്കാത്ത പൂച്ചയെ ഒന്ന് ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ ആ വടീം കൊണ്ട് അടിക്കാത്ത അപ്പൂപ്പന്റെ താടിക്ക് പിടിക്കാത്ത തീ കെടുത്താത്ത വെള്ളം ഒന്ന് ചവിട്ടി കലക്കാമോ ആനെ ? " എന്ന് ചോദിച്ചു . ആനയും സഹായിക്കാന്‍ താല്പര്യം കാണിച്ചില്ല . അങ്ങിനെ പ്രാവ് ആകെപ്പാടെ വിഷമിച്ച് ഇരിക്കുമ്പോ ആണ് ഒരു കട്ടുറുംബ് ആ വഴി വരുന്നത് . അതിനോട് പ്രാവ് ചോദിച്ചു . "പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ പേടിപ്പിക്കാത്ത പൂച്ചയെ ഒന്ന് ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ വടീം കൊണ്ട് അടിക്കാത്ത അപ്പൂപ്പന്റെ താടിക്ക് പിടിക്കാത്ത തീ ഒന്ന് കെടുത്താത്ത വെള്ളം ഒന്ന് ചവിട്ടി കലക്കാന്‍ വയ്യാത്ത ആനയുടെ തുംബിക്കൈയ്യിന്റെ ഉള്ളില്‍ കേറീട്ടു ഒരു കടി കൊടുക്കാമോ കട്ടുരുമ്പേ ? " എന്ന് . " ഓഹോ ,ഞാന്‍ എപ്പഴേ റെഡി എന്ന് മിടുക്കനായ കട്ടുരുംബ് ഉത്തരം പറഞ്ഞു "
എന്നിട്ട് കട്ടുരുംബ് ആനയുടെ തുംബിക്കയിന്റെ ഉള്ളില്‍ കയറി , കടിക്കുന്നതിന് മുന്നേ ആന ഓടി ചെന്ന് വെള്ളം ചവിട്ടി കലക്കാന്‍ നോക്കി , വെള്ളം അപ്പോഴേക്കും തീ കെടുത്താന്‍ ആഞ്ഞു . തീ ആവട്ടെ അപ്പൂപ്പന്റെ താടിക്ക് പിടിക്കാന്‍ പോയി , അപ്പൂപ്പന്‍ അപ്പോഴേക്കും വടീം കൊണ്ട് പട്ടിയെ തല്ലാന്‍ പോയി , പട്ടി പൂച്ചയെ കടിക്കാന്‍ ഓടിച്ചു , പൂച്ച എലിയെ പിടിക്കാനും എലി പോയി തോക്കിന്റെ ചാപ്പ കരളാന്‍ നോക്കി , തോക്ക് അപ്പോഴേക്കും പന്നിയെ വെടി വെക്കാന്‍ ആഞ്ഞു , പന്നി നേരെ അമ്മച്ചിയുടെ വാഴ ഒക്കെ കുത്തി നശിപ്പിക്കാന്‍ ചെന്ന് . അമ്മച്ചി വെക്കന്നു പ്രാവിന് പ്ലാവിന്റെ പൊത്തിന്റെ ഉള്ളിലേക്ക് വീണു പോയ മുട്ടയും എടുത്ത് കൊടുത്തു . അങ്ങിനെ മിടുക്കന്‍ ആയ കട്ടുരുംബ് ന്റെ സഹായം കൊണ്ട് പ്രാവിന് തന്റെ മുട്ട വീണ്ടു കിട്ടി ..