ആന്റോണ്‍ ചെക്കോവിന്റെ ഒരു നാടകം പഠിച്ചിരുന്നു യീ പേരില്‍. പ്രീ ഡിഗ്രിക്ക് . ഇടക്കൊച്ചി അക്വിനാസ് കോളേജില്‍. ജോളി മാഡം വളരെ നാടകീയം ആയിത്തന്നെ ക്ലാസ്സില്‍ അവതരിപ്പിച്ചു . ഞാന്‍ അതിനെ പറ്റി പോസ്റ്റ് ഇടാന്‍ പോകുകയാണ് എന്നൊന്നും ആരും കരുതരുത് . ഇത് വളരെ അപ്രതീക്ഷിതം ആയി എനിക്ക് വന്ന ഒരു പ്രോപ്പോസലിനെ പറ്റി ആണു .. അണ്‍ ഒഫീഷ്യല്‍ ആയ ഒരു പ്രൊപ്പോസല്‍ , ഡിഗ്രി ക്കാലത്ത് ..കന്യാസ്ത്രി അമ്മമാരുടെ ഹോസ്റലില്‍ താമസിക്കുമ്പോള്‍ ..
ഏറണാകുളം ജില്ലയിലെ ഒരു ലേഡീസ് ഹോസ്റല്‍ ആണു . നമ്മുക്കതിനെ തല്ക്കാലം അമല ഹോസ്റല്‍ എന്ന് വിളിക്കാം . ഹോസ്റലില്‍ ഒരു ഞാറാഴ്ച പതിവുപോലെ ഊണു ഒക്കെ കഴിഞ്ഞ് അന്താക്ഷരിയോ മറ്റോ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കിച്ച്ചനിലെ ചേച്ചി വന്നു പറഞ്ഞത് . cp ക്ക് ഒരു വിസിറ്റര്‍ ഉണ്ട് എന്ന് . ജനലില്‍ക്കൂടി നോക്കിയാല്‍ വിസിറെര്സ് റൂമിന്റെ വാതില്‍ കാണാം . നോക്കുമ്പം ഒരു പയ്യന്‍ അവിടെ ഇരിക്കുന്നു . ഒറ്റനോട്ടത്തില്‍ എന്റെ അനിയനെ പോലെ തോന്നി . എടുത്തുചാട്ടം നമ്മടെ കൂടപ്പിറപ്പാണല്ലോ ..ഡീ എന്റെ അനിയന് വന്നിട്ടുണ്ട് .. അവന്‍ ഹോസ്റലില്‍ നിന്നു വന്നപ്പോ വന്നതാവും .. (അന്നു വീട്ടില്‍ ഫോണ്‍ കണെക്ഷന്‍ കിട്ടിയിട്ടില്ല ) ഞാന്‍ കുറച്ചു കഴീംബം നിങ്ങളെ വിളിക്കാവേ എന്നും പറഞ്ഞ് ഓടി ..
ഞങ്ങളുടേത് വേറെ ബില്‍ഡിംഗ് ആണു . കിച്ചന്‍ വഴി TV റൂം വഴി , ലഞ്ച് ഹാള്‍ വഴി ഞാന്‍ ചെന്നപ്പോളേക്കും "അനിയന് " അകത്ത് കയറി ഇരുന്നിരുന്നു. മുഖം കണ്ടപ്പോളാണ് മനസ്സിലാവുന്നത് അത് എന്റെ അനിയന് ആയിരുന്നില്ല.. അത്ര പരിചിതം അല്ലാത്ത ഒരു മുഖം. അത് കൊണ്ട് ആ പയ്യനെ ഞാന്‍ അപരിചിതന്‍ എന്ന് വിളിക്കുന്നു . ഞങ്ങള്‍ തമ്മില്‍ ഉണ്ടായ സംസാരം ഏതാണ്ട് ഇപ്രകാരം ആയിരുന്നു.
അപരിചിതന്‍ : ഒരു ഗ്ലാസ് വെള്ളം വേണം ..
ഞാന്‍ കിച്ചണില്‍ ചെന്ന് ഒരു ഗ്ലാസ് വെള്ളം കൊണ്ടേ കൊടുക്കുന്നു . അപരിചിതന്‍ ഒറ്റ വലിക്കു വെള്ളം കുടിക്കുന്നു .
അപരിചിതന്‍ : "എന്റെ മനസ്സിലായോ ?"
ഞാന്‍ : " ഇല്ല കണ്ടതായി ..ഓര്‍ക്കുന്നില്ല .."
അപരിചിതന്റെ മുഖം ഒന്നോടെ വിളറുന്നു .(ഓള്‍റെഡി വെളുത്ത മുഖം ആണു )
"എന്റെ പേരു .... ഞാന്‍ സ്കൂളില്‍ പഠിച്ചത് ആണു .. ഒരേ വര്ഷം ..
C ഡിവിഷന്‍ ആര്‍ന്നു. .......ടീച്ചര്‍ ന്റെ മോള്‍ അല്ലെ ? "
ഞാന്‍: "കണ്ടിട്ടുണ്ടാവണം , പക്ഷെ എനിക്ക് ഓര്‍മ്മയില്ല . എന്റെ ക്ലാസ്സിലെ കുട്ടികളെ എല്ലാരേം അറിയാം .. കാണാറുണ്ട് , എന്നല്ലാതെ വേറെ ക്ലാസ്സിലെ കുട്ടികളെ അങ്ങിനെ ഓര്‍മ്മയില്ല .."
അപ :"ജ്യോതി എന്തെടുക്കുന്നു ? "
(ജ്യോതി എന്റെ ഏറ്റോം പ്രിയപ്പെട്ട കൂട്ടുകാരി ആകുന്നു .. LKG മുതല്‍ പ്രീഡിഗ്രി വരെ ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ചവര്‍ ആണു ഞങ്ങള്‍ , പോരാത്തതിന് അവളുടെ അമ്മേം ടീച്ചര്‍ എന്റെ അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരീം . )
ഞാന്‍ : " അവള്‍ ഇപ്പൊ പോളിയില്‍ പഠിക്കുന്നു .."
എനിക്ക് ചെറിയ ഒരു വശപ്പിശക് ഫീല്‍ ചെയ്യുന്നുണ്ട് ..കാരണം നാലഞ്ച് വര്‍ഷം മുന്നേ ഒരേ സ്കൂളില്‍ ഒരേ ബാച്ചില്‍ പഠിച്ച ഓര്‍മ്മവച്ച്ച് ഇയാള്‍ ഒരു വനിത ഹോസ്റലില്‍ വന്നു എന്നെ കാണേണ്ട ആവശ്യം എന്തിരിക്കുന്നു . എന്നൊക്കെ ഞാന്‍ മനസ്സില്‍ ചിന്തിക്കുന്നുണ്ട് .അയാള്‍ ലേശം ടെന്‍ഷനില്‍ ആയിരുന്നു താനും .എന്റെ മനസ്സും വായും തമ്മില്‍ വല്യ അകലം ഇല്ലാത്തത് കൊണ്ട് ചോദിച്ചു
" ഞാന്‍ യീ ഹോസ്റലില്‍ ആണെന്ന് എങ്ങനെ മനസ്സിലായി ? എന്തിനാ വന്നത് ? "
ആദ്യത്തെ ചോദ്യത്തിനു അപരിചിതന്‍ എന്തൊക്കെയോ പറഞ്ഞു. അനിയന്റെ കൂട്ടുകാരെ ആരെയോ കണ്ടെന്നും അവര് പറഞ്ഞെന്നും മറ്റും ..രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ആയി
"എനിക്ക് തന്നെ ഇഷ്ടം ആണു .. ഐ ലൈക് യു .. "
എന്നതാണ് പറഞ്ഞത് ...
നോക്കൂ വളരെ സെന്സിടീവ് ആയ സമയം ആണു ..ഒരു പയ്യന്‍ വന്നു മുഖത്ത് നോക്കി ഇഷ്ടം ആണെന്ന് പറയുന്നു .പക്ഷെ എന്ത് പറയാന്‍ , ഞാന്‍ ഒരു പക്കാ അരസിക /മൂരാച്ചി ആയി പോയില്ലേ ? എനിക്ക് ഞാന്‍ ആയല്ലേ പറ്റു . വളരെ കൂള്‍ ആയി ആ പയ്യന്റെ മുഖത്ത് നോക്കി പറഞ്ഞു ..
"സോറി എനിക്കങ്ങനെ ഒന്നും തോന്നുന്നില്ല " എന്നോ മറ്റോ ..
അയാളുടെ മുഖം ഒന്നൂടെ ദയനീയം ആവുന്നു .വിയര്‍ക്കുന്നു . എനിക്ക് പാവം തോന്നി .. (സത്യം )
ലേശം വിക്കിയോ മറ്റോ ആണു പറയുന്നത് .
"നമുക്ക് സിനിമയില്‍ ഒക്കെ കാണുന്ന പോലെ പോലെ നടക്കുക ഒന്നും വേണ്ട മനസ്സില്‍ ഉണ്ടായ മതി .. "
ഞാന്‍ :"നോക്കൂ .. എനിക്ക് തീരെ താല്പര്യം ഇല്ല .. പിന്നെ ബേസിക്കലി ഞാന്‍ ഒരു വഴക്കാളി ആണു .. ഒരവശ്യോം ഇല്ലാത്ത കാര്യത്തിനു മമ്മിയോട് വഴക്ക് കൂടാറുണ്ട് .അല്ലാണ്ട് തന്നെ ..... ടീച്ചര്‍ ജീവിതത്തില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട് .ഇങ്ങനെ ഒരു കാര്യത്തിനു ഞാന്‍ മമ്മിയെ വിഷമിപ്പിക്കില്ല എന്ന് ഒരു തീരുമാനം ഉണ്ട് "
അപ :" അതിനെന്താ നമ്മള് ഒക്കെ ക്രിസ്ത്യന്‍ അല്ലെ ? "
ഞാന്‍ : " അതല്ല .. ഞങ്ങള്‍ കാതെലിക് അല്ല .. വേറെ ആണു ..ജക്കൊബിറ്റ് എന്ന് പറയും . " ( ക്ഷമിക്കൂ വായനക്കാരെ ഇതൊന്നും ഞാന്‍ ഇങ്ങേരെ ബോധിപ്പിക്കണ്ട കാര്യം അല്ല എന്നറിയാം പക്ഷെ ആവശ്യം ഇല്ലാത്ത കാര്യങ്ങളും എഴുന്നള്ളിക്കുക എന്റെ ശീലം ആയി പോയി .. :( )
അപ : "എനിക്ക് എഴാം ക്ലാസ് മുതലേ ഇഷ്ടം ആണു "
ഞാന്‍ : (കൌണ്‍സിലര്‍ മോഡിലേക്ക് പോവുന്നു )
" അത് സാരമില്ല .. പ്രായത്തിന്റെ ആണു .. കുറച്ച് കഴീമ്പോ തന്നെ മാറിക്കോളും .. എനിക്കും ഒന്ന് രണ്ട് പേരോടൊക്കെ തോന്നീട്ടുണ്ട് ..ഞങ്ങള്‍ടെ ആര്‍ട്സ് ക്ലബ് സെക്രട്ടറി ചേട്ടന്‍ നന്നായി പാട്ട് പാടിയിരുന്നു .എനിക്ക് നല്ല ഇഷ്ടം ആയിരുന്നു.
അപ : (ഇതെന്തൊരു ജന്മം കര്‍ത്താവേ എന്ന മട്ടില്‍ നോക്കുന്നു ) "അയാള്‍ക്കോ ? "
ഞാന്‍ : "അയാള്‍ക്ക് സ്വന്തം ആയി അഫയര്‍ ഒക്കെ ഉള്ളതാണ് . അയാള്‍ പുറത്തൂടെ പോകുമ്പോ ക്ലാസ്സിലെ കൂട്ടുകാര്‍ കാണിച്ചു തരും .. ലോ പോണൂ എന്ന മട്ട് . അയാക്ക് എന്റെ ഇഷ്ടം അറിയുക പോലും ഇല്ല ... ഒരു പക്കാ വണ്‍വേ ... മാത്രല്ല ഞാന്‍ ഫസ്റ്റ് ഇയര്‍ അര്ന്നപ്പോ അയാള്‍ കൊളെജീന്നു പോവേം ചെയ്തു .."
അപ :" പക്ഷെ എനിക്ക് പക്ഷെ തന്നോട മാത്രേ ഇഷ്ടം തോന്നീട്ടുള്ള് ... "
ഞാന്‍:( ഇതിനിപ്പം ഞാന്‍ എന്തോ ചെയ്യാനാ എന്ന മട്ടില്‍ .)
" എനിക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു " (അന്താക്ഷരി കളിക്കാന്‍ ഉണ്ട് എന്ന് പറയുന്നത് മോശം അല്ലെ ? കളി അവിടെ എന്ത് ആയി കാണുമോ എന്തോ എന്ന ചിന്ത ഇല്ലാതില്ല ) അപരിചിതന്‍ പോവുകയും ചെയ്തു .
സമാനമായ ഒരു പോസ്റ്റില്‍ കമന്ടവേ ഇതിനെ പറ്റി പറഞ്ഞപ്പോ ഇതൊരു പോസ്റ്റ് ആക്കൂ ചേച്ചീ എന്ന് പറഞ്ഞ വായാടി ക്ക് യീ പോസ്റ്റ് .. കൂടാതെ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ റോമിയോ ജൂലിയറ്റ് നെ ഓര്‍ത്ത് കരഞ്ഞു ...അമ്മയായപ്പോള്‍ അവരുടെ മാതാപിതാക്കളെയും .. എന്ന അമൃത പ്രീതത്തിന്റെ വരികള്‍ പറഞ്ഞു തന്നെ മൈത്രേയി എന്ന കൂട്ടുകാരിക്കും ..